തൃശൂര്‍: വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന പരാതിയെ തുടര്‍ന്ന് കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ പൊലീസ് കേസെടുത്തു.
തൃശൂര്‍ വെസ്റ്റ് പൊലീസാണ് മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയെ തുടര്‍ന്ന്് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
കഠ്വയില്‍ ബാലികയെ ക്ഷേത്രത്തിനകത്ത് ലൈംഗീകമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്ത് ഷെയര്‍ ചെയ്ത പോസ്റ്റ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവാദമാക്കിയിരുന്നു. ബി.ജെ.പിക്കു വോട്ടുചെയ്ത 31% ആളുകളെയും വെടിവെച്ചുകൊന്നിട്ടാണെങ്കിലും കഠ്‌വ സംഭവത്തില്‍ നീതി പുലരണമെന്ന ദീപക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ദീപ നിശാന്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇത് 31% ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചുകൊന്ന് രാജ്യത്ത് നീതി നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് എന്ന് വ്യാഖ്യാനിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടത്.
ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ കേസ് നിയമപരമായി നേരിടുമെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും വര്‍ഗീയ ലഹളയുണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ലെന്നും ദീപ നിശാന്ത് പറഞ്ഞു.
പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘപരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.