കൊച്ചി: സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധിയില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടിയാല്‍ ദുരന്ത നിവാരണ നിയമപ്രകാരം ഒരുവര്‍ഷം വരെ തടവുലഭിക്കുമെന്നും തിരുവനന്തപുരം ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ റോഡ് ഗതാഗതം തടസപ്പെട്ടിട്ടുള്ള സ്ഥലത്തു മാത്രമാണ് ലോറി വഴി ഇന്ധനം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ളത്. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. എറണാകുളം ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സ്റ്റോക്ക് സെന്ററില്‍ നിന്നു ടാങ്കറുകളില്‍ കേരളത്തിന്റെ വിവിധ ഭാഗത്തേക്ക് പോയിതുടങ്ങി. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഇരുമ്പനത്തില്‍നിന്നുമാണ് ഇന്ധനം വിതരണം ചെയ്യുന്നത്.
വടക്കന്‍ ജില്ലകളിലേക്ക് മംഗലാപുരത്തുനിന്നും ഇന്ധനമെത്തുന്നുണ്ട്.കൊച്ചിയിലെ റിഫൈനറി സുരക്ഷിതമാണന്നും സംസ്ഥാനത്തു ഇന്ധനപ്രതിസന്ധിയില്ല എന്നും ബിപിസിഎല്‍ വ്യക്തമാക്കി. വെള്ളം കയറിയിട്ടില്ലാത്ത എല്ലാ പമ്പുകളിലും ഇന്ധനം എത്തുന്നുണ്ടന്നും ഐഒസിയും വ്യക്തമാക്കി.
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം നേരിടുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് പമ്പുകളില്‍ വന്‍ തിരക്ക്. ഇനി ദിവസങ്ങളോളം ഇന്ധനം ലഭിക്കില്ല എന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്ന് ആളുകള്‍ കന്നാസുകളിലടക്കം ആവശ്യത്തില്‍ കൂടുതല്‍ പെട്രോള്‍ സൂക്ഷിക്കുന്നത് പമ്പുകളിലെ സ്റ്റോക്ക് കുറയാന്‍ ഇടയാക്കി. ഇതുമൂലം രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇന്ധനം ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
കാലവര്‍ഷ കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസക്യാമ്പുകളിലെത്തിക്കുവാനും, ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, മറ്റു ദുരന്ത നിവാരണ പ്രവര്‍ത്തകരുടേയും വാഹനങ്ങള്‍ക്കും, സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം ആവശ്യസമയത്തു ലഭിക്കാത്തതോട് കൂടി ഇത്തരം വാഹനങ്ങള്‍ക്കു ഇന്ധനം നല്‍കാന്‍ മുന്‍ഗണന നല്‍കണമെന്നു തിരുവനന്തപുരം ജില്ല കലക്ടര്‍ പെട്രോള്‍ പമ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ആവശ്യസര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം നേരിട്ടതോടുകൂടി കര്‍ശന നടപടികളുമായി ജില്ല കലക്ടര്‍ രംഗത്തെത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്വകാര്യ വാഹനങ്ങള്‍ക്കു ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ഉത്തരവിറക്കി.