‘പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ അത് പുറത്തു വിടും’ പാര്‍വതി തിരുവോത്ത്. ഒരഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആദ്യമായി സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. അക്കാലത്ത് ഡബ്ല്യൂ.സി.സി പോലുള്ള കൂട്ടായ്മകള്‍ സജീവം അല്ലാത്തതിനാല്‍ ഇതൊന്നും സംസാരിക്കേണ്ടതില്ല തികച്ചും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഇവ എന്നും വിശ്വസിച്ചിരുന്നു.
നമുക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ് ഇതെന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ ഡബ്ലു.സി.സി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. എന്നാല്‍ അത് ചെയ്തവര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല.
പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത് പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ പുറത്തു പറയാത്ത ഒരുപാട് കാര്യങ്ങള്‍ തന്റെ ഉള്ളില്‍ ഉണ്ടെന്നും ഒരിക്കല്‍ അതെല്ലാം എല്ലാവരുടേയും മുന്‍പാകെ പറയുമെന്നും പാര്‍വതി പറയുന്നുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് ഡബ്ലു.സി.സി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്വം കാണിച്ചില്ലെങ്കില്‍ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു.
തങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ അല്ലെന്നും പാര്‍വതി വ്യക്തമാക്കി.