ഗൾഫിൽ നിന്നും വീട്ടുകാരറിയാതെ നാട്ടിലെത്തി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയുൽ: മനു കൊല്ലാൻ നോക്കിയത് അഞ്ചു വർഷം പ്രേമിച്ചിട്ട് പിൻമാറിയ പെൺകുട്ടിയെ

21

കൊച്ചി: നഗരമധ്യത്തിൽ തടഞ്ഞുനിർത്തി വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു കൊല്ലാൻശ്രമിച്ചശേഷം വിദേശത്തേക്കു രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ.

പാലക്കാട് കുഴൽമന്ദം തച്ചമ്പാറ സ്വദേശി പൂവത്തിങ്കൽ മനു(24)വിനെയാണ് കൊച്ചി സിറ്റി പോലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തത്.

Advertisements

വധശ്രമത്തിനുശേഷം വിദേശത്തെ ജോലിസ്ഥലത്തേക്കു കടന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ആയിരുന്നു അറസ്റ്റ് ചെയ്തത്.

വിവാഹാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം.

ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സിനു പഠിക്കുകയായിരുന്ന യുവതിയും മനുവും അഞ്ചുവർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു.

ജനുവരിയിൽ അവധിക്കു നാട്ടിലെത്തിയ മനു, എറണാകുളത്ത് യുവതി പാർട്ട് ടൈമായി ജോലി ചെയ്യുന്ന മാളിലെത്തി വിവാഹാഭ്യർഥന നടത്തിയെങ്കിലും അവർ നിരസിച്ചു.

പിന്നീട് വിദേശത്തേക്കു പോയ മനു അഞ്ചു ദിവസത്തെ അവധിയെടുത്ത് വീട്ടുകാർ പോലുമറിയാതെ മാർച്ച് 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുകയായിരുന്നു.

തുടർന്ന് ബസിൽ കോയമ്പത്തൂരേക്കു പോയി. അവിടെനിന്ന് ബൈക്ക് വാടകയ്ക്കെടുത്ത് കൊച്ചിയിലെത്തി.

വഴിക്ക് വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽനിന്നു പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ലോഡ്ജിൽ മുറിയെടുത്ത് കൃത്യത്തിന് അവസരം കാത്തിരുന്നു.

13ന് ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടർന്ന് 14ന് രാവിലെ യുവതിയെ ഹോസ്റ്റൽ മുതൽ ജോലി സ്ഥലം വരെ പിന്തുടർന്ന പ്രതി, വൈകിട്ട് യുവതിക്കു നേരേ പെട്രോൾ ഒഴിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് രാത്രി 7.40-ന് പനമ്പിള്ളി നഗറിലെ താമസസ്ഥലത്തേക്കു സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു യുവതിക്കുനേരേ ആക്രമണമുണ്ടായത്.

പിന്നാലെ ബൈക്കിൽ മുഖം മറച്ചെത്തിയ മനു ഹോണടിച്ച് യുവതികളോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും സ്‌കൂട്ടറിനു മുന്നിലേക്ക് ബൈക്ക് കയറ്റി നിർത്തുകയും ചെയ്തു.

തുടർന്ന് കൈയിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തീകൊളുത്തും മുമ്പ് യുവതികൾ സ്‌കൂട്ടർ മറിച്ചിട്ടതിനു ശേഷം സമീപത്തെ കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

ആളുകൂടിയതോടെ രക്ഷപ്പട്ട മനു, ബംഗളുരുവിലെത്തുകയും അവിടെനിന്നു വിദേശത്തേക്കും പോയി.

ദുബായിയിലെ പെട്രോളിയം കമ്പനിയിലെ സുരക്ഷാ ഓഫീസറായി ജോലി ചെയ്യുന്ന മനുവിനെ നാട്ടിലെത്തിക്കാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

കീഴടങ്ങണമെന്നു പോലീസ് ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് മനു ഒഴിവാകുകയായിരുന്നു. ഒടുവിൽ തന്ത്രപൂർവം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരിചയക്കാരടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു.

പ്രതിക്കെതിരേ കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിനു നേതൃത്വം നൽകിയ സിറ്റി പോലീസ് കമ്മിഷണർ എസ് സുരേന്ദ്രൻ അറിയിച്ചു.

Advertisement