നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.
ഇന്ന് ഓസ്‌ട്രേലിയയെ കീഴടക്കിയാല്‍ ഏകദിന ക്രിക്കറ്റില്‍ 500 ജയങ്ങളെന്ന അപൂര്‍വ റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമാവും.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമാവാനും വിരാട് കോലിക്കും സംഘത്തിനും കഴിയും.
ഇതുവരെ കളിച്ച 962 ഏകദിനങ്ങളില്‍ 499 വിജയങ്ങളാണ് ഇന്ത്യയുടെ പേരിലുള്ളത്. ഓസ്‌ട്രേലിയയാകട്ടെ 923 ഏകദിനങ്ങളില്‍ 558 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
1975ലെ ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന വിജയം. രണ്ടാം മത്സരത്തിന് വേദിയാവുന്ന നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്.
ഓസ്‌ട്രേലിയക്കെതിരെ ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച വിജയവുമായാണ് ഇന്ത്യ ഗ്രൗണ്ട് വിട്ടത്. 2009 ഒക്ടൊബര്‍ 28നായിരുന്നു വിദര്‍ഭയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യമായി ഏറ്റുമുട്ടിയത്.
വിദര്‍ഭയിലെ ആദ്യ രാജ്യാന്തര മത്സരവുമായിരുന്നു അത്. അന്ന് 99 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 107 പന്തില്‍ 124 റണ്‍സുമായി ധോണി ടോപ് സ്‌കോററായി.
2013ല്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയ 350 റണ്‍സടിച്ചിട്ടും ശീഖര്‍ ധവാന്റെയും വിരാട് കോലിയുടെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ ജയിച്ചു കയറി. 2017ലായിരുന്നു വിദര്‍ഭയില്‍ ഇന്ത്യയും ഓസീസും അവസാനമായി ഏറ്റുമുട്ടിയത്.
അന്ന് ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2011ലെ ലോകകപ്പില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ജയിച്ചത് മാത്രമാണ് വിദര്‍ഭയില്‍ ഓസീസ് നേടിയ ഏക ജയം.