വീരനായി വിജയ് ശങ്കര്‍; ആവേശപ്പോരിൽ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

34

നാഗ്‌പൂര്‍: നാഗ്‌പൂര്‍ ഏകദിനത്തില്‍ അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യക്ക് എട്ട് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം. വിജയലക്ഷ്യമായ 251 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന്‍റെ പോരാട്ടം 49.3 ഓവറില്‍ 242ല്‍ അവസാനിച്ചു.

ഓസ്‌ട്രേലിയയെ സ്റ്റോയിനിസിന്‍റെ ഫിനിഷിംഗ് മികവ് രക്ഷിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അവസാന ഓവറില്‍ പന്തെറിഞ്ഞ വിജയ് ശങ്കര്‍ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ബുംറയും വിജയ് ശങ്കറും രണ്ടും ജഡേജയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

Advertisements

ബാറ്റിങ്ങിലെ നിര്‍ഭാഗ്യം ബോളിങ്ങിലെ ഭാഗ്യമാക്കി രൂപാന്തരപ്പെടുത്തിയ വിജയ് ശങ്കറിന്റെ ഉജ്വല പ്രകടനത്തിന്റെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാഗ്പുര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എട്ടു റണ്‍സിനാണ് ഇന്ത്യയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായപ്പോള്‍, ഓസീസിന്റെ മറുപടി 49.3 ഓവറില്‍ 242 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ഓസീസ് വിജയത്തിന് 11 റണ്‍സ് അകലെ നില്‍ക്കെ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മാര്‍ക്കസ് സ്റ്റോയ്‌നിസ് (52), ആദം സാംപ (രണ്ട്) എന്നിവരെ പുറത്താക്കിയ വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

65 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത് ഓസീസ് പ്രതീക്ഷ അവസാന ഓവറോളം നീട്ടി മാര്‍ക്കസ് സ്റ്റോയ്‌നിസാണ് അവരുടെ ടോപ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് 59 പന്തില്‍ 48 റണ്‍സെടുത്ത് റണ്ണൗട്ടായതും നിര്‍ണായകമായി. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖവാജ സക്യം 83 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് ഓസീസ് കൂട്ടത്തോടെ തകര്‍ന്നത്. ഫിഞ്ച് 53 പന്തില്‍ 37 റണ്‍സും ഖവജാ 37 പന്തില്‍ 38 റണ്‍സും നേടി.

ഷോണ്‍ മാര്‍ഷ് (27 പന്തില്‍ 16), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18 പന്തില്‍ നാല്), അലക്‌സ് കാറെ (24 പന്തില്‍ 22), നേഥന്‍ കോള്‍ട്ടര്‍നീല്‍ (നാലു പന്തില്‍ നാല്), പാറ്റ് കമ്മിന്‍സ് (പൂജ്യം), ആദം സാംപ (രണ്ട്) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനം. നേഥന്‍ ലയണ്‍ ആറു പന്തില്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അതേസമയം, 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് കളിയില്‍ നിര്‍ണായകമായത്. വിജയ് ശങ്കര്‍ 1.3 ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, 40-ാം ഏകദിന സെഞ്ചുറിയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിലേക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു ചുവടുകൂടി വച്ച ഇന്നിങ്‌സിനൊടുവിലാണ് ഇന്ത്യ ഓസീസിനു മുന്നില്‍ 251 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ മുന്നില്‍നിന്നു നയിച്ച കോഹ്‌ലി 116 റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി.

രോഹിത് ശര്‍മ ആദ്യ ഓവറില്‍ത്തന്നെ സം’പൂജ്യ’നായതിനു പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി, 48-ാം ഓവര്‍ വരെ ക്രീസില്‍നിന്നാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. ഇതിനിടെ നാലാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പം 81 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 67 റണ്‍സിന്റെയും കൂട്ടുകെട്ടും തീര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ടുകള്‍ തന്നെ. മല്‍സരത്തില്‍ 21 റണ്‍സെടുത്ത ജഡേജ, ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 2000 റണ്‍സ് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ 2000 റണ്‍സും 150 വിക്കറ്റും പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ജഡേജ. കപില്‍ ദേവ് (3782, 253), സച്ചിന്‍ (18426, 154) എന്നിവരാണ് മുന്‍ഗാമികള്‍.

വിജയ് ശങ്കര്‍ 41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ജഡേജ 40 പന്തില്‍ 21 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (29 പന്തില്‍ 21), അമ്പാട്ടി റായുഡു (32 പന്തില്‍ 18), കേദാര്‍ ജാദവ് (12 പന്തില്‍ 11) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. രോഹിത് ശര്‍മ (പൂജ്യം), മഹേന്ദ്രസിങ് ധോണി (പൂജ്യം) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ‘ഗോള്‍ഡന്‍ ഡക്കാ’യി ഏകദിനത്തില്‍ അരങ്ങേറിയ ധോണി, ഇത് അഞ്ചാം തവണ മാത്രമാണ് ഏകദിനത്തില്‍ ഡക്കാകുന്നത്. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും ആദം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, നേഥന്‍ ലയണ്‍, നേഥന്‍ കോള്‍ട്ടര്‍നീല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇക്കുറി കളത്തിലിറങ്ങിയത്. കഴിഞ്ഞ മല്‍സരത്തില്‍ അരങ്ങേറിയ ആഷ്ടണ്‍ ടേണര്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ക്കു പകരം ഷോണ്‍ മാര്‍ഷ്, നേഥന്‍ ലയണ്‍ എന്നിവര്‍ ടീമിലെത്തി. അതേസമയം, ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ട്വന്റി20 പരമ്പര ഓസീസിനോടു തോറ്റതിനു (0-2) പിന്നാലെയുള്ള പരമ്പരയില്‍ ആദ്യ കളിയിലെ 6 വിക്കറ്റ് ജയത്തോടെ ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവാണു നടത്തിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ രോഹിത് ശര്‍മയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ ഓവര്‍ പൂര്‍ണമായും ക്രീസില്‍നിന്ന രോഹിത് അവസാന പന്തില്‍ ബൗണ്ടറിക്കു സമീപം ആദം സാംപയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. കോഹ്‌ലി-ധവാന്‍ സഖ്യം ഇന്ത്യയെ 38 റണ്‍സ് വരെയെത്തിച്ചെങ്കിലും ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ ധവാനും മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയായിരുന്നു ധവാന്റെ മടക്കം. 29 പന്തില്‍ നാലു ബൗണ്ടറി സഹിതം 21 റണ്‍സെടുത്താണ് ധവാന്‍ കൂടാരം കയറിയത്.

മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് കോഹ്‌ലി 37 റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍, 17-ാം ഓവറിന്റെ അവസാന പന്തില്‍ നേഥന്‍ ലയണിനു വിക്കറ്റ് സമ്മാനിച്ച് റായുഡു പുറത്തായി. അംപയറുടെ എല്‍ബി തീരുമാനത്തെ റായുഡു റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയുടെ ഒരു റിവ്യൂ അവസരം പാഴാക്കി റായുഡു പുറത്ത്. ഇതിനു പിന്നാലെയായിരുന്നു വിജയ് ശങ്കര്‍ – വിരാട് കോഹ്‌ലി സഖ്യത്തിന്റെ അര്‍ധസെഞ്ചുറി കൂട്ടുകെട്ട്.

ഇതോടെ, 28.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലായി ഇന്ത്യ. എന്നാല്‍, വിജയ് ശങ്കറിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും ആത്മവിശ്വാസമൂറുന്ന ഷോട്ടുകളുമായി കളം നിറഞ്ഞ വിജയ് ശങ്കര്‍, കന്നി ഏകദിന അര്‍ധസെഞ്ചുറിക്ക് തൊട്ടരികെയാണ് പുറത്തായത്. 41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത ശങ്കര്‍, റണ്ണൗട്ടാവുകയായിരുന്നു. ആദം സാംപയുടെ പന്തില്‍ കോഹ്‌ലിയുടെ സ്‌ട്രൈറ്റ് ഡ്രൈവ് ബോളറുടെ കയ്യില്‍ തട്ടി സ്റ്റംപിളക്കുമ്പോള്‍ ക്രീസിനു പുറത്തായിരുന്നു ശങ്കര്‍. നിര്‍ഭാഗ്യകരമായ പുറത്താകല്‍. മൂന്നിന് 75 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ കോഹ്‌ലി-ശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് രക്ഷപ്പെടുത്തിയത്.

പിന്നാലെ തുടര്‍ച്ചയായ പന്തുകളില്‍ കേദാര്‍ ജാദവ്, മഹേന്ദ്രസിങ് ധോണി എന്നിവരും മടങ്ങിയതോടെ ആറിന് 171 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കോഹ്‌ലി വീണ്ടും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഏഴാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തതിനു പിന്നാലെ കോഹ്‌ലി 40-ാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോള്‍ 120 പന്തില്‍ 10 ബൗണ്ടറി സഹിതം നേടിയ 116 റണ്‍സായിരുന്നു സമ്പാദ്യം. കുല്‍ദീപ് യാദവ് (മൂന്നു പന്തില്‍ മൂന്ന്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരും കാര്യമായ സംഭാവനകള്‍ കൂടാതെ മടങ്ങിയതോടെ 10 പന്തുകള്‍ ബാക്കിനില്‍ക്കെ 250 റണ്‍സിന് ഇന്ത്യ പുറത്തായി.

Advertisement