രണ്ട് വട്ടം ബോംബ് വച്ച് പൊളിക്കാൻ നോക്കിയിട്ടും കുലുങ്ങാതെ നാഗമ്പടം പഴയപാലം: പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അധികൃതർ

24

കോട്ടയം: പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നാണു പഴഞ്ചൊല്ല്. എന്നാൽ, പൊളിക്കാൻ വന്ന കേളൻമാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കുലുങ്ങാതെ നാഗമ്പടം പഴയപാലം.

ഇപ്പോൾ പൊളിക്കും, ഇപ്പോൾ പൊളിക്കും എന്നു പറഞ്ഞ് റെയിൽ റോഡ് ഗതാഗതം താറുമാറാക്കിയതു മിച്ചം.

Advertisements

പാലം പൊളിക്കുന്ന ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കാത്തുനിന്നവരും ഇന്നലെ നിരാശരായി. ഇലക്ട്രിക് തകരാറിനു പുറമേ പഴയപാലത്തിന്റെ ബലവും ശ്രമം പരാജയപ്പെടാൻ കാരണമായെന്നു കണ്ടെത്തി.

റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാഗമ്ബടത്തെ പഴയ മേൽപ്പാലം പൊളിക്കാനുള്ള നീക്കമാണു പരാജയപ്പെട്ടത്.

തിരുപ്പൂർ ആസ്ഥാനമായ മഗ് ലിങ്ക് കമ്പനിയാണ് ഇതിനായി കരാറെടുത്തത്. പാലം പൊളിക്കാൻ രണ്ടുതവണ നിയന്ത്രിതസ്ഫോടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇലക്ട്രിക് വയറുകളെ ബന്ധിപ്പിക്കുന്ന ഫ്യൂസ് തകരാറിലായതാണു കാരണം. ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി നടന്ന രണ്ടുശ്രമവും പരാജയപ്പെട്ടതോടെ, പാലം പൊളിക്കുന്ന പുതിയ തീയതി പിന്നീട് അറിയിക്കുമെന്നു വ്യക്തമാക്കി റെയിൽവേ പിന്മാറി.

ഉച്ചയ്ക്ക് 12.15-നായിരുന്നു പാലം പൊളിക്കാനുള്ള ആദ്യശ്രമം. എന്നാൽ, സ്ഫോടനശബ്ദം കേട്ടതൊഴിച്ചാൽ ഒന്നും സംഭവിച്ചില്ല.

പാലത്തിന്റെ ബീമിലും കോൺക്രീറ്റ് അടിത്തറയിലുമാണു സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത്. എന്നാൽ, ഇലക്ട്രിക് തകരാർ മൂലം വലതുഭാഗത്തു മാത്രമേ സ്ഫോടനം നടന്നുള്ളൂ. ബാക്കി സ്ഫോടകവസ്തുക്കൾ പൊട്ടിയില്ല.

ഇതോടെ വൈകിട്ട് 5.10-ന് ആദ്യത്തേതിന്റെ ഇരട്ടിശേഷിയുള്ള സ്ഫോടനം നടത്താൻ തീരുമാനിച്ചു. ആദ്യസ്ഫോടനവേളയിൽ 100 മീറ്റർ പരിധിയിലാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ടാംതവണ പരിധി 300 മീറ്ററാക്കി.

രണ്ടാംസ്ഫോടനത്തിൽ അപ്രോച്ച് റോഡിന്റെ ഒരുവശത്തെ മണ്ണിളകിയെങ്കിലും പാലത്തിന് ഒന്നും സംഭവിച്ചില്ല.

രണ്ടു സ്ഫോടനം നടന്ന പാലത്തിനു കീഴിലൂടെ ട്രെയിനുകൾ കടത്തിവിടുന്നത് അപകടമാണെന്ന് ആശങ്കയുയർന്നു.

എന്നാൽ പാലത്തിനു ബലക്ഷയമില്ലെന്നാണു റെയിൽവേയുടെ വാദം. ഉച്ചയ്ക്കും വൈകിട്ടുമായി എംസി റോഡിൽ ഓരോ മണിക്കൂർ ഗതാഗതം നിരോധിച്ചു.

മുൻനിശ്ചയപ്രകാരം രാവിലെ 9.30-നു നിരോധിച്ച ട്രെയിൻ ഗതാഗതം രാത്രി വൈകിയാണു പുനഃസ്ഥാപിച്ചത്.

പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടതു സംബന്ധിച്ച് റെയിൽവേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടു കോട്ടയം ജില്ലാ കലക്ടർ വിശദീകരണമാവശ്യപ്പെട്ടു.

ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണു നാഗമ്ബടത്തെ പഴയപാലം. സ്ഫോടനത്തിനു മുന്നോടിയായി റെയിൽപാതയിലെ വൈദ്യുതി ലൈൻ പൂർണമായി അഴിച്ചുമാറ്റി.

ട്രാക്കും പരിസരവും തടി, മണൽച്ചാക്ക് എന്നിവ ഉപയോഗിച്ചു മൂടി. പാലത്തിൽ സുഷിരങ്ങളിട്ട് വെടിമരുന്ന് നിറയ്ക്കുന്ന ജോലി നേരത്തേ പൂർത്തീകരിച്ചിരുന്നു.

മിന്നലുണ്ടായാൽ സ്ഫോടനസാധ്യതയുള്ളതിനാൽ രക്ഷാചാലകങ്ങളും സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ശ്രമം നടന്നത്.

കഴിഞ്ഞവർഷം ആലപ്പുഴയിൽ വാട്ടർ അതോറിറ്റിയുടെ പഴയകെട്ടിടം ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊളിച്ചിരുന്നു.

Advertisement