മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി വിവാഹിതയാകുന്നു. വ്യവസായി അജയ് പിറമലിന്റെ മകന്‍ ആനന്ദ് പിറമല്‍ ആണ് വരന്‍. വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല.
ഡിസംബറില്‍, ഇരട്ട സഹോദരനായ ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്‍പായുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏറെനാളത്തെ പ്രണയമാണ് ഇഷ-ആനന്ദ് വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്.
ചെറുപ്പം തൊട്ടേ ഇരുവരും അടുപ്പത്തിലാണ്. മഹാബലേശ്വറിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് ഇഷയോട് ആനന്ദ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ആനന്ദ് , പിരമല്‍ എന്റര്‍പ്രൈസസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ്. പഠനശേഷം രണ്ട് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ആനന്ദ് തുടക്കം കുറിച്ചു.
ആരോഗ്യരംഗത്ത് പിരമല്‍ ഇ സ്വാസ്ഥ്യയും, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പിരമല്‍ റിയാലിറ്റിയും. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട് ആനന്ദ്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡ് അംഗം കൂടിയാണ് ഇഷ.