മൗണ്ട് മോന്‍ഗനൂയി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന സ്റ്റംമ്പിംഗുമായി മഹേന്ദ്ര സിംഗ് ധോണി.
ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം റോസ് ടെയ്ലറെയാണ് ആരേയും അമ്പരപ്പിക്കുന്ന രീതിയില്‍ ധോണി പുറത്താക്കിയത്.
കേദര്‍ ജാദവ് എറിഞ്ഞ 18ാം ഓവറില്‍ ആയിരുന്നു ധോണിയുടെ അവിശ്വസനീയ സ്റ്റംമ്പിംഗ്. സ്റ്റംപിനു കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്ലറിന്റെ പ്രതിരോധം തകര്‍ത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്.
മിന്നല്‍ വേഗത്തില്‍ ധോണി സ്റ്റംപിളക്കി. ധോണിയും ചാഹലും അപ്പീല്‍ ചെയ്തതോടെ തീരുമാനം തേര്‍ഡ് അംപയറിന്.
റീപ്ലേയിലാണ് ഈ സ്റ്റംമ്പിംഗിന്റെ വിസ്മയം പുറത്ത് വന്നത്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്ലറിന്റെ കാല്‍പ്പാദം ഒരു സെക്കന്‍ഡ് വായുവിലുയര്‍ന്നു.
കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. സൂക്ഷമ പരിശോധനയ്ക്ക് ശേഷം തേഡ് അമ്പയറുടെ വിധിവരാന്‍ താമസമുണ്ടായില്ല. ടെയ്ലര്‍ ഔട്ട്! 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സാണ് ടെയ്‌ലര്‍ സ്വന്തമാക്കിയത്.