മഹേന്ദ്ര സിംഗ് ധോണി എന്തുകൊണ്ടാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നായകനായി മാറിയത്.
അതിനുളള ഉത്തരത്തിലേക്കുളള വലിയ സൂചനയാണ് ഇന്ത്യയുടെ മുൻ മെന്റൽ കണ്ടീഷനിംഗ് പരിശീലകനായ പാഡി അപ്ടൺ നൽകുന്നത്.
ധോണി സഹതാരങ്ങളെ പരിശീലിപ്പിച്ച രീതിയാണ് ഏറ്റവും മികച്ച നായകനാകാൻ അദ്ദേഹത്തെ സഹായിച്ചതെന്നാണ് പാഡി അപ്ടണിന്റെ നിരീക്ഷണം.
സമയനിഷ്ഠയുടെ കാര്യത്തിൽ കർക്കശക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. സ്വന്തം കാര്യത്തിൽ മാത്രമല്ല, സഹതാരങ്ങളുടെ കാര്യത്തിലും അതങ്ങിനെ തന്നെ.
ധോണി മുമ്പ് ഇന്ത്യൻ നായകനായിരുന്ന സമയം താരങ്ങൾ പരിശീലനത്തിന് എത്താൻ വൈകിയാൽ പരീക്ഷിച്ച വ്യത്യസ്തമായ ശിക്ഷാരീതി വെളിപ്പെടുത്തിയിരിക്കുകയാണ് അപ്ടൺ.
അപ്ടൺ ഇന്ത്യൻ ടീമിന്റെ മെന്റൽ കണ്ടീഷനിംഗ് പരിശീലകനായി ചുമതലയേറ്റ കാലത്ത് അനിൽ കുംബ്ലെയായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ.
ഏകദിന ടീമിന്റെ നായകൻ എം. എസ് ധോണിയും. ആ സമയത്ത് താരങ്ങൾ പരിശീലനത്തിന് എത്താൻ സ്ഥിരമായി വൈകുന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടു.
ഇത് തടയാനുള്ള വഴിയെ കുറിച്ചായി പിന്നെ ചിന്ത. അവസാനം ഇരു ടീമുകളുടേയും ക്യാപ്റ്റന്മാർക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അനുവാദം നൽകി.
പരിശീലനത്തിനെത്താൻ വൈകുന്ന താരങ്ങൾക്ക് 10000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ടെസ്റ്റ് ടീം നായകനായ കുംബ്ലെയുടെ നിർദേശം.
എന്നാൽഏകദിന ടീമിലുള്ള താരങ്ങൾക്ക് വേറൊരു രീതിയിലുള്ള ശിക്ഷയാണ് ധോണി തീരുമാനിച്ചത്.
ടീമിലെ ഏതെങ്കിലും ഒരു താരം പരിശീലനത്തിന് വൈകിയെത്തിയാൽ ടീമിലെ എല്ലാവരും 10000 രൂപ പിഴ നൽകണമെന്നതായിരുന്നു ഇത്.
അതിന് ശേഷം ഏകദിന ടീമിലെ ഒരാൾ പോലും പരിശീലനത്തിനെത്താൻ വൈകിയിട്ടില്ലെന്ന് അപ്ടൺ പറയുന്നു.