ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, രാഷ്ട്രീയം താല്‍പര്യമില്ല: ആരാധകര്‍ക്ക് ആശ്വാസമേകി മോഹന്‍ലാലിന്റെ പ്രഖ്യാപനം

19

തിരുവനന്തപുരം: വരുന്ന ലോകസഭാ തിരഞ്ഞൈടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെടവരോടെല്ലാം അതിന് താനില്ലെന്ന് വ്യക്തമാക്കിയതായി മോഹന്‍ലാല്‍.

ഇതോടെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപിയുടെ സമ്മര്‍ദ്ദം ലാലിന് മേലുണ്ടായിരുന്നുവെന്ന സംശയങ്ങള്‍ക്കും ഉത്തരമാവുകയാണ്.

Advertisements

രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്നും അതുകൊണ്ട് തന്നെ മത്സരിക്കാനില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഈ വിഷയത്തില്‍ മനസ്സ് തുറക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമേദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും ആദ്യമായി അഭിമുഖത്തില്‍ മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു.

ഈ അഭിമുഖത്തോടെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന സന്ദേശമാണ് മോഹന്‍ലാല്‍ നല്‍കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാര്‍ട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി.

കേരളത്തില്‍ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹന്‍ലാലിനെ പോലെ കേരളത്തിലെ ജനകീയ മുഖത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെടുവെന്നാണ് സൂചന.

സംസ്ഥാന ആര്‍ എസ് എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മോഹന്‍ലാലിനോട് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതും. ഇതാണ് മോഹന്‍ലാല്‍ തള്ളുന്നതും. താന്‍ മത്സരിക്കില്ലെന്ന സന്ദേശം വനിതയിലൂടെ അണികള്‍ക്ക് നല്‍കുന്നതും.

ലാലിന്റെ ഫാന്‍സില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി അടുക്കുന്നത് ദോഷം ചെയ്യുമെന്ന് ലാലിന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കല്‍.

ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ് കുമാറും ബിജെപിയുമായി ചേര്‍ന്നാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്‌എസ് ചാനലായ ജനം ടിവിയുടെ ചെയര്‍മാനും പ്രിയദര്‍ശനാണ്.

മേജര്‍ രവിയും സംഘപരിവാറിനൊപ്പം ചേര്‍ന്നാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലാലും ബിജെപിയിലേക്ക് എത്തുമെന്ന വിലയിരുത്തല്‍ സജീവമായിരുന്നു.

കേരളത്തില്‍ പ്രമുഖര്‍ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നല്‍കാന്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ഇതാണ് പൊളിയുന്നതും.

ലാലിനെ പാളയത്തിലേക്ക് അടുപ്പിക്കാനാണ് മോദി നേരിട്ട് ഇടപെടല്‍ നടത്തുന്നത്.

മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററില്‍ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കിയിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും ആര്‍എസ്‌എസ് നേതൃത്വത്തിലുള്ളവരാണ്. ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുന്നത്.

ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വവുമായി മോഹന്‍ലാല്‍ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആര്‍ എസ എസുമായി അടുപ്പിച്ചത്.

ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനായിരുന്നു നീക്കം.

വനിതയിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ

രാഷ്ട്രീയത്തില്‍ ആരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിക്കുന്ന കാര്യമാണിത്. അതോടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി മാറും.

പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ രാഷ്ട്രീയത്തിലേക്ക് ഞാനില്ല.

ഒരു രീതിയിലും താല്‍പര്യമില്ലാത്ത കാര്യമാണിത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. മലയാള സിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുള്ളൂ. ഒരു കാലത്ത് നസീര്‍ സാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പക്ഷേ ഇപ്പോള്‍ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നില്‍ക്കാനുമെല്ലാം പറഞ്ഞു.

പക്ഷേ ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.

മോദിയുമായുള്ള കൂടിക്കാഴ്ചയേയും ലാല്‍ വിവരിക്കുന്നുണ്ട്. അദ്ദേഹം എന്നെ മോഹന്‍ജി എന്നാണ് വിളിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച്‌ സംസാരിച്ചിട്ടേയില്ല.

കൗതുകത്തോടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിരുന്നു. സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ അതു വലിയ അത്ഭുതമായി. ഞാന്‍ അഭിനയിച്ച സംസ്‌കൃത നാടകമായ കര്‍ണ്ണഭാരത്തെ കുറിച്ച്‌ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിവസമാണ് കണ്ടത്. അത് ഓര്‍ക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് സമ്മാനിച്ചത്.

ഹോളസ്റ്റിക് യോഗ സെന്ററിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ‘മോഹന്‍ജി ഞാന്‍ യോഗയുടെ ഒരു ബിഗ് ഫാന്‍ ആണെന്നായിരുന്നു മറുപടി. അതിനുള്ള സഹായം ചെയ്യാമെന്നും പറഞ്ഞു.

ഒരിക്കല്‍ പോലും രാഷ്ട്രീയം കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അഗ്ഗേഹം കാര്യങ്ങള്‍ ചോദിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി.

രാഷ്ട്രീയത്തെ കുറിച്ച്‌ എനിക്കൊരു അറിവും ഇല്ലാത്തതു കൊണ്ട് അതിനെ കുറിച്ച്‌ പറയാനും ഒന്നുമില്ലായിരുന്നു.

ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടെ പെരുമാറിയതെന്നും മോഹന്‍ലാല്‍ പറയുന്നു.

അച്ഛന്റേയും അമ്മയുടേയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് വേണ്ടി പ്രൊഫഷണലുകളെ ഒരുമിപ്പിക്കാനാണ് ശ്രമമെന്നും ലാല്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

Advertisement