ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്ററില്‍ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ ഒട്ടുമിക്ക പ്രതികരണങ്ങളും മോഡി ട്വിറ്ററിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. 40.3 മില്ല്യണ്‍ ഫോളോവേഴ്സാണ് മോഡിക്കുള്ളത്. എന്നാല്‍, ഇതില്‍ 60 ശതമാനവും വ്യാജ അക്കൗണ്ടുകളാണ്. ട്വിറ്റര്‍ പുറത്തുവിട്ട പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍.
വ്യാജ അക്കൗണ്ടുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപിനെയും കടത്തിവെട്ടിരിക്കുകയാണ് മോഡി. മോഡിയുടെ ഫോളോവേഴ്സില്‍ 24,556,084 അക്കൗണ്ടുകളും വ്യാജമാണ്. ബാക്കിയുള്ള 16,032,485 അക്കൗണ്ടുകള്‍ മാത്രമാണ് യഥാര്‍ഥത്തിലുള്ളത്.
മോഡി കഴിഞ്ഞാല്‍ ഫോളോ ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ ഉള്ളത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കാണ്. മാര്‍പ്പാപ്പയെ പിന്തുടരുന്ന 16.7 മില്ല്യണ്‍ ആളുകളില്‍ 59 പേരും വ്യാജന്മാരാണ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഫോളോവേഴ്സില്‍ എട്ടു ശതമാനം മാത്രമാണ് വ്യാജന്മാര്‍.