മോഡലിനെ 12 മണിക്കൂര്‍ ബന്ദിയാക്കിയ യുവാവ് വിവാഹ സമ്മതം മുദ്രപത്രത്തില്‍ എഴുതി വാങ്ങി

27

ഭോപ്പാല്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച മോഡലിനെ ബന്ദിയാക്കിയ യുവാവ് വിവാഹത്തിന് സമ്മതമെന്ന് മോഡലിനെക്കൊണ്ട് മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് ഇയാള്‍ യുവതിയെ മോചിപ്പിക്കാന്‍ തയ്യാറായതെന്നാണ് വാര്‍ത്തകള്‍. ഭോപ്പാലില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് 12 മണിക്കൂറാണ് ഇയാള്‍ യുവതിയെ ബന്ദിയാക്കിയത്. ഒടുവില്‍ പോലീസ് ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച്‌ യുവതിയെ മോചിപ്പിക്കുകയായിരുന്നു.

രോഹിത് സിംഗ് എന്ന യുവാവാണ് യുവതിയെ ബന്ദിയാക്കിയത്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയാണ് ബന്ദിയാക്കിയത്. തോക്ക് ചൂണ്ടിയാണ് യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ കടന്നത്. മോഡലിനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കില്‍ യുവതിയേയും കൊന്ന് താനും മരിക്കുമെന്ന ഭീഷണിയുമായാണ് ഇയാള്‍ യുവതിയെ ബന്ദിയാക്കിയത്. യുവതിയുടെ മാതാപിതാക്കളും അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഉണ്ടായിരുന്നു. ഇവരെ മറ്റൊരു മുറിയിലിട്ട് പൂട്ടി. മോഡലിംഗുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെയാണ് യുവാവ് ഈ യുവതിയുമായി പരിചയത്തിലായത്.

Advertisements

യുവതിയെ ബന്ദിയാക്കി വച്ചിരിക്കുന്ന മുറിയില്‍ നിന്നുള്ള വീഡിയോ യുവാവ് പുറത്തുവിട്ടിരുന്നു. യുവതി കിടക്കയില്‍ കിടക്കുന്നതായാണ് പുറത്തുവിട്ട വീഡിയോ. മുറിയിലാകമാനം രക്തം പടര്‍ന്നിരുന്നു. യുവതിയുമായി പ്രണയത്തിലായിരുന്നെന്നും പ്രണയബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ ഭോപ്പാലിലേക്ക് തിരികെ വിളിക്കുകയായിരുന്നെന്നും യുവാവ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യം സൃഷ്ടിച്ചത് പോലീസാണെന്നും യുവാവ് ആരോപിച്ചു.

Advertisement