എതിര്‍ താരത്തിന്റെ മകനെ മാറോടണച്ച് ലാളിച്ച് ആരാധകരുടെ ഹൃദയം നിറച്ച് മെസി

15

കളിക്കളത്തില്‍ പന്തിനെ തഴുകിയും തലോടിയും ലാളിച്ചും ആരാധക ഹൃദയത്തിലേക്ക് ഇടങ്കാലന്‍ ഷോട്ടിലൂടെ കയറിക്കൂടിയ താരമാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. അഞ്ച് തവണ ഫുട്ബോളിലെ അത്യുന്നത പുരസ്‌ക്കാരമായ ബാലണ്‍ ഡി ഓര്‍ നേടിയ മെസി എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും എന്തിന് കളി നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് പോലും ആരാധനാ പാത്രമാണ്. കളിമികവ് കൊണ്ടു തന്നെ ലോകത്തിന്റെ മുക്കിലും മൂലയിലും ബാഴ്സലോണ താരത്തിന് ആരാധകരേറെയാണ്.

എതിര്‍താരങ്ങളോട് കളിയിലും പുറത്തും ബഹുമാനം സൂക്ഷിക്കുന്ന ഇതിഹാസതാരത്തിന്റെ ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലാലീഗയില്‍ ബാഴ്സയുടെ എതിരാളിയായ റയല്‍ ബെറ്റിസ് താരം ആന്ദ്രെസ് ഗുര്‍ഡാഡോയുടെ മകനെ ലാളിക്കുന്ന മെസിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവാണെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്ത് വരുന്നത്. ഗുര്‍ഡാഡോയുടെ ഭാര്യയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബെറ്റിസന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം മെസിയെ കാണാന്‍ മകനുമൊപ്പം വരുന്ന ഗുര്‍ഡാഡോ ബാഴ്സലോണ ഡ്രസിങ് റൂമില്‍ നിന്ന് മെസിയെ പുറത്തേക്ക് വിളിച്ച് മകന്റെ ആഗ്രഹം പറയുകയായിരുന്നു. ഉടന്‍ തന്നെ മകനെ ഗുര്‍ഡാഡോയുടെ കയ്യില്‍ നിന്നും വാങ്ങിയ മെസി കുട്ടിയെ ലാളിക്കുന്നതാണ് വീഡിയോ. പിന്നീട്, കുട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ലോക ഫുട്ബോളിന്റെ അളവുകോലാണ് മെസിയെന്നും തന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണെന്നും ലയണല്‍ മെസിയുടെ കാലത്ത് കളിക്കാന്‍ സാധിച്ചു എന്ന് തന്റെ പേരമക്കളോട് പറായന്‍ സാധിക്കുന്നതില്‍ അഭിമാനമാണെന്നുമുള്ള ഗുര്‍ഡാഡോയുടെ വാക്കുകളാണ് അതിലും മനോഹരമായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മത്സരത്തില്‍ ബാഴ്സലോണ ബെറ്റിസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം റാകിട്ടിച്ചിലൂടെ ആദ്യ ഗോളടിച്ച് തുടങ്ങിയ ബാഴ്സലോണ ലയണല്‍ മെസിയുടെയും ലൂയിസ് സുവാരസിന്റെയും ഇരട്ട ഗോളുകളിലൂടെയാണ് ബെറ്റിസിനെ തറപറ്റിച്ചത്.

Advertisement