ആലപ്പുഴ: ഭാഗ്യം എന്ന് പറഞ്ഞാല്‍ അലപ്പുഴ തകഴിക്കാരന്‍ ആര്‍പി മനോഹരന്റെതാണ് ഭാഗ്യം. തുടര്‍ച്ചയായി മൂന്ന് തവണ കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുക എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ.
ആ വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഇത്തവണ മനോഹരന് ലഭിച്ചത്. ഇതിനൊപ്പം സമ്മാനാര്‍ഹമായ നമ്പറിലെ 11 സീരീസ് ടിക്കറ്റുകള്‍ എടുത്തതിനാല്‍ 1,10,000 രൂപകൂടി ലഭിക്കും.
വൈദ്യുതിബോര്‍ഡിലെ റിട്ട. ഓവര്‍സിയറാണ് തകഴി പടഹാരം ലക്ഷ്മിഗോകുലത്തില്‍ ആര്‍.പി. മനോഹരന്‍ എന്ന അറുപത്തിനാലുകാരന്‍. വിരമിച്ചശേഷമാണ് ഭാഗ്യക്കുറി സ്ഥിരമായി എടുക്കാന്‍ തുടങ്ങിയത്. 5000 രൂപയുടെവരെ ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
2016 ഓഗസ്റ്റ് 28-നാണ് ആദ്യം ഭാഗ്യം തേടിയെത്തിയത്. പൗര്‍ണമി ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായി 65 ലക്ഷം. 2017 നവംബര്‍ 10-ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപ വീണ്ടുമടിച്ചു. ഇതിന്റെ സമ്മാനത്തുക ഏതാനും മാസം മുന്‍പാണ് ലഭിച്ചത്. അതിനിടെയാണ് മൂന്നാമതും ഭാഗ്യം കടാക്ഷിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് വിവരമറിഞ്ഞത്. ഇത് ഉറപ്പിക്കാന്‍ അമ്പലപ്പുഴ കിഴക്കേനടയിലെ ലോട്ടറി തട്ടിലെത്തി. സ്ഥിരമായി അടിക്കുന്നതുകൊണ്ട് സമ്മാനം കിട്ടിയതറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മനോഹരന്റെ ആദ്യ പ്രതികരണം. സമ്മാനത്തുകകൊണ്ട് മകന് എന്തെങ്കിലും ജീവിതമാര്‍ഗമൊരുക്കണമെന്നതാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.