ഡ്രൈവര്‍ പറഞ്ഞത് നുണ, അപകട സമയത്ത് സംഭവിച്ചത് ഇങ്ങനെ, ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

65

തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നില്ലെന്ന് ഭാര്യ ലക്ഷ്മി. ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നും അവര്‍ പൊലീസിനു മൊഴി നല്‍കി. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പറഞ്ഞു.

Advertisements

എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിനു നല്‍കിയ മൊഴി ഇതിനു വിരുദ്ധമായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്നാണ് അര്‍ജുനിന്റെ മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു താനെന്നും അര്‍ജുന്‍ മൊഴി നല്‍കി. അപകടത്തില്‍ അര്‍ജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.

ബാലഭാസ്‌കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു. അതേസമയം ഡ്രൈവര്‍ അര്‍ജുന്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബാലുവിന്റെ മരണത്തിന് പിന്നാലെ കുടുംബക്കാരും ചില സംശയങ്ങള്‍ പറഞ്ഞിരുന്നു. വടക്കുംനാഥനെ സന്ദര്‍ശിച്ച രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട വെച്ചത്. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ മൊഴി തെറ്റായിരുന്നെന്ന് ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരു വിരുന്നായി ജനഹൃദയങ്ങളില്‍ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കര്‍. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലുവിന്റെ വയലിന്‍ ഈണമിട്ടു.

ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളില്‍ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജില്‍ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാല്‍ ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു. സംഗീതത്തെ ജീവനേക്കാള്‍ പ്രണയിച്ച ബാലഭാസ്‌കര്‍ ഒരിക്കല്‍ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കി. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാര്‍ത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളില്‍ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കള്‍ നടത്തുന്നത്. ക്ഷേത്ര ദര്‍ശനം നടത്തി ബാലു അര്‍ദ്ധരാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തില്‍ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുനും ചികില്‍സയിലായിരുന്നു. ലക്ഷ്മിയെ ബാലുവിന്റെയും മകളുടേയും മരണം പോലും അറിയിച്ചിരുന്നില്ല.

നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലില്‍ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കള്‍ക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുള്‍ തേടി ബന്ധുക്കള്‍ ഇറങ്ങുന്നത്. ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും.

എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. എന്റെ സ്വപ്നങ്ങള്‍ ഞാന്‍ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവര്‍ക്ക് ഞാന്‍ എല്ലാം വിട്ടു നല്‍കിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി.

ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കള്‍ ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലിച്ചു.ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തല്‍. ബാലുവിനെ കരയിക്കാന്‍ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാള്‍ ഇടപെടലുകള്‍ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്

Advertisement