മൊകേരി: എന്തോ അത്യാഹിതം സംഭവിച്ച് കാണാതായതായി എന്ന് വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും വിശ്വസിച്ചിരുന്ന യുവാവിനെ മുംബൈയില്‍ കണ്ടെത്തി.
ഒന്നരമാസം മുന്‍പ് കാണാതായ കോഴിക്കോട് കുറ്റ്യാടി മൊകേരി സ്വദേശി സന്ദീപിനെയാണ് കാമുകിക്കൊപ്പം മുംബൈയില്‍ കണ്ടെത്തിയത്.
ഇതോടെ ഭാര്യയേയും എല്‍കെജി വിദ്യാര്‍ത്ഥിയായ കുഞ്ഞിനേയും ബന്ധുക്കളേയും ഉപേക്ഷിച്ച് മലയാളി ടെക്കിയും റൈഡറുമായ സന്ദീപ് മനപുര്‍വം കടന്നുകളഞ്ഞത് ആണെന്ന് തെളിഞ്ഞു.
കാമുകിക്കൊപ്പം ജീവിക്കാനായാണ് ഇയാള്‍ തിരോധാനമെന്ന നാടകം കളിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു.
ഒന്നരമാസം മുമ്പ് കാണാതായ ഇയാളെ തിരക്കി സുഹൃത്തുക്കളും ബന്ധുക്കളും പോലീസും നിരന്തര അന്വേഷണത്തിലായിരുന്നു. കോഴിക്കോട് നിന്നും കര്‍ണാടകയിലേക്ക് ബൈക്കില്‍ പോയ സന്ദീപിനെ മുംബൈയില്‍ നിന്നും കണ്ടെത്തിയതോടെ കാത്തിരുന്നവരെ വിഡ്ഢികളാക്കുകയായിരുന്നു ഇയാളെന്ന് തെളിഞ്ഞത്.
കാമുകിയോടൊപ്പം ജീവിക്കാന്‍ തിരോധാന നാടകമുണ്ടാക്കിയ സന്ദീപിനെ മുംബൈ കല്‍വയില്‍ വെച്ച് കാമുകിയും കോഴിക്കോട് സ്വദേശിനിയുമായ അശ്വനിക്കൊപ്പം അന്വേഷണ സംഘം കണ്ടെത്തി.
ഇവരുടെ ഒരു ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇരുവരേയും കണ്ടെത്തിയത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നല്ലളം എസ്‌ഐ പി രാമകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ ഡിസംബര്‍ 10-ാം തീയതി മുതല്‍ കാണാനില്ലായിരുന്നു. മെഡിക്കല്‍ കോളേജ് സ്റ്റേഷനിലായിരുന്നു പരാതി ലഭിച്ചത്.
ഈ കേസിലെ അന്വേഷണം മുറുകിയതോടെയാണ് അശ്വനിയും സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡിയ കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് തിരിച്ചറിഞ്ഞത്.
സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്. കുറച്ചുകാലം അവിടെ ജോലി നോക്കിയിരുന്ന കാലത്താണ് അശ്വിനിയും സന്ദീപും പരിചയത്തിലാകുന്നതെന്നാണ് സൂചന.
ഈ ക്ലൂവില്‍ അന്വേഷണം തുടര്‍ന്ന പോലീസ് നിര്‍ണായകമായ കണ്ടെത്തലുകളില്‍ എത്തിച്ചേരുകയായിരുന്നു. നവംബര്‍ 24-ന് ആയിരുന്നു സന്ദീപ് തനിച്ച് തന്റെ ബൈക്കുമെടുത്ത് കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് 25-ാം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു.
ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് വീട്ടില്‍ പറഞ്ഞ രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയാണ് ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇയാളുടെ ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ നിന്നും കണ്ടെടുത്തിരുന്നു.
സമീപത്ത് പിടിവലി നടന്നതിന്റെ സൂചനകളുമുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന് സന്ദീപ് നടത്തിയ ഗൂഢാലോചനയാണെന്ന് പോലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു.
ആദ്യഘട്ടത്തില്‍ സ്വര്‍ണക്കടത്തുകാരാണ് കാണാതായതിന് പിന്നില്‍ എന്നുവരെ സംശയിച്ചെങ്കിലും നവംബര്‍ 25-ാം തീയതി മുതല്‍ സന്ദീപ് മുംബൈയ്ക്ക് മുങ്ങിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തന്റെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തുക്കുന്നുണ്ടെന്ന് രഹസ്യമായി അറിഞ്ഞ സന്ദീപ് ആദ്യം ഇവിടെ നിന്നും കടന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പോയെന്ന് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ ഇരുവരേയും പൊക്കിയത്.
ബൈക്ക് കണ്ടെത്തിയ തുംഗ നദിയില്‍ ആദ്യം അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല.
തുടര്‍ന്ന് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശ പ്രകാരം കോസ്റ്റല്‍ സിഐ പിആര്‍ സതീശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു.
ഇതിനിടെയാണ് വഴിത്തിരിവായി അശ്വനിയുടെ തിരോധാനക്കേസ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കേസ് ആ വഴിക്ക് നീക്കുകയായിരുന്നു. സന്ദീപ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ് കഴിഞ്ഞ എട്ട് ദിവസമായി കേരള പോലീസ് ഇവിടെ തങ്ങിയിരുന്നു.
എസ്‌ഐ പി രാമകൃഷണന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മോഹന്‍ദാസ്, രണ്‍വീര്‍, അബ്ദുള്‍ റഹ്മാന്‍, ഷാഫി എന്നിവരായിരുന്നു മുംബൈയില്‍ എത്തിയത്.
ഇവരെ കണ്ടെത്തിയതോടെ ഒന്നരമാസത്തിലേറെയായി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മുന്നില്‍ അരങ്ങേറിയ ഒരു തിരോധാന നാടകത്തിന് അവസാനം കുറിക്കുകയാണ് പോലീസ്.