കുട്ടനാട്: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവാഹിതനായ മുപ്പത്തഞ്ചുകാരനെ കുംഫു അഭ്യസിച്ചിരുന്ന 15 കാരി പെണ്‍കുട്ടി ഇടിച്ച് വീഴ്ത്തി രക്ഷപെട്ടു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ആണ് സംഭവം. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവാഹിതനായ മുപ്പത്തഞ്ചുകാരന് പിന്നീട് പോലീസ് പിടിയില്‍ ആയി.
രാമങ്കരി പഞ്ചായത്തില്‍ മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ് കുമാറിനെയാണ് രാമങ്കരി എസ്ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി കിടങ്ങറയില്‍ നിന്നാണ് പ്രതി പിടിയിലായത്.
സംഭവം ഇങ്ങനെ:
15 കാരി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്കാരമായി വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയം സനീഷിന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കുംഫു അഭ്യസിച്ചിരുന്ന പെണ്‍കുട്ടി പ്രതിയെ ഇടിച്ച് വീഴ്ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി.
എന്നാല്‍ മൊബൈലില്‍ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ വലയിലാക്കാന്‍ സനീഷ് ശ്രമം തുടങ്ങി.
ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.