കൊച്ചി: യുവനടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം നടത്തിയാൾക്ക് ഒരു വർഷം തടവിന് ശിക്ഷ.
തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫ് എന്ന 75കാരനാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
2018 ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പാതിരാത്രി നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശി അടുത്ത് വരികയായിരുന്നു.
കണ്ണൂരിലേക്ക് പോകുന്നതിന് ട്രെയിൻകാത്ത് നിൽക്കുകയായിരുന്നു താരം. ഇതിനിടെയായിരുന്നു അസഭ്യവർഷവുമായി കൊലപ്പെടുത്താൻ ഓടിയെത്തിയത്.
ശബ്ദം കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ രക്ഷപെടുകയും ചെയ്തു.
തുടർന്ന് കണ്ണൂരിലെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ പരാതി നൽകുകയും ചെയ്തു.
പിറ്റേന്ന് തന്നെ ഇയാളെ പിടികൂടുകയും ചെയ്തു. താരം അടക്കമുള്ള എട്ട് സാക്ഷികളെ വിസ്തരിക്കുകയും. സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയത്.
വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നുമായിരുന്നു കോടതി വിധി.