കായംകുളം: ജമ്മു കാശ്മിരിലെ സാമ്പ്രാ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മാവേലിക്കര, പോനകം തോപ്പില്‍ ഏബ്രഹാം ജോണ്‍ -സാറാമ്മ ദമ്പതികമുടെ മകന്‍ സാം ഏബ്രഹാമാണ് മരിച്ചത്.
ജമ്മുവിലെ അഹ്നൂര്‍ ജില്ലയില്‍ സുന്ദര്‍ബെനിയിലാണ് സംഭവം. വെള്ളിയാഴ്ച കാശ്മീരിലെ നിരവധി സ്ഥലങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. നിയന്ത്രണ രേഖ ലംഘിച്ച് നടത്തിയ ആക്രമണത്തിലാണ് ആറാം മദ്രാസ് റജിമന്റിലെ ലാന്‍ഡ്സ് നായിക് സാം ഏബ്രഹാം കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് 1.45 ഓടെ ആയിരുന്നു വെടിവയ്പ്പ്. വൈകിട്ട് 6 മണിവരെ പാക്ക് -ഇന്ത്യന്‍ സൈനികര്‍ മുഖാമുഖം ആക്രമണം നടത്തി. പൂര്‍ണമായും വെടിവയ്പ്പ് നിലച്ച് വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം സംഭവസ്ഥലത്തുനിന്നു മാറ്റാന്‍ സാധിച്ചത്.
വൈകുന്നേരത്തോടെ ജവാനൊപ്പമുള്ള സൈനികര്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സാബുവിനെ വിവരം അറിയിക്കുകയായിരുന്നു.
തൊട്ടു പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: തേവലക്കര സ്വദേശിനി അനു. മകള്‍: രണ്ടര വയസുള്ള എയ്ഞ്ചല്‍.