അടിമാലി : കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപ്പോയത് ഒരു കുടുംബത്തിലെ ആറ് പേരും പൂര്‍ത്തിയാകാത്ത കുറെ സ്വപ്നങ്ങളുമാണ്. എട്ട് മുറിയില്‍ ദേശിയ പാതയോരത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന മുജീബ്, മുജീബിന്റെ മാതാവ് ഫാത്തിമ, ഭാര്യ ഷെമീന, മക്കളായ ദിയ ഫാത്തിമ, നിയ എന്നിവരാണ് ഇന്നലത്തെ ഉരുള്‍ പൊട്ടലില്‍ മരണമടഞ്ഞത്.
അടിമാലിയിലെ ഗോള്‍ഡ് കവറിങ് വ്യാപാരിയായിരുന്നു മുജീബ്. സ്വന്തമായൊരു വീട് വെയ്ക്കണമെന്നും മക്കളെ പഠിപ്പിച്ചു ഉന്നത നിലയില്‍ എത്തിക്കണെമന്നും ഏതൊരു പിതാവിനെയും പോലെ മുജീബും ആഗ്രഹിച്ചിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടുപോലും സി.ബി.എസ്.ഇ സ്‌കൂളില്‍ തന്നെ മൂത്ത മകളായ ദിയ ഫാത്തിമയെ ചേര്‍ത്തു. വിശ്വദീപ്തി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദിയ. ഈ വര്‍ഷം നിയയെ എല്‍.കെ.ജിയിലും ചേര്‍ത്തു.
പൊളിഞ്ഞ പാലത്തിനു സമീപം കുറച്ചു ഭൂമി വാങ്ങിയതായും അവിടെയൊരു ചെറിയ വീട് വെക്കണമെന്നും മുജീബ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അതിനിടെയാണ് സ്വപ്നങ്ങളൊന്നും പൂര്‍ത്തീകരിക്കാതെ ഇന്നലത്തെ ഉരുള്‍ പൊട്ടലില്‍ കുടുംബത്തോടൊപ്പം മുജീബ് യാത്രയായത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മുകള്‍ഭാഗത്തെ വീടിന്റെ മുറ്റമടക്കമുള്ള ഭാഗങ്ങള്‍ ഉരുള്‍പൊട്ടി ഒലിച്ചെത്തുകയായിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്നവരില്‍ മുജീബിന്റെ പിതാവും വിരുന്നുവന്ന സൈനുദീനും മാത്രമാണ് രക്ഷപെട്ടത്. നാമാവശേഷമായ ആ വീടിനു മുന്‍പില്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രിയപെട്ടവരില്ലാതെ ഒറ്റപെട്ടു നിന്ന് തേങ്ങുകയാണ് ആ വയോധികന്‍.