കമ്പകക്കാനം കൂട്ടക്കൊലപാതകം: കൊല്ലപ്പെട്ട കൃഷ്ണനും മുഖ്യപ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമെന്ന് പൊലീസ്

28

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃഷണനും കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനീഷിനും സീരിയല്‍ നടി ഉള്‍പ്പെട്ടെ കള്ളനോട്ട് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കള്ളനോട്ട് കേസിലെ പ്രതി രവീന്ദ്രന്‍ കൃഷ്ണനും അനീഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും രവീന്ദ്രന്‍ റൈസ് പുള്ളര്‍ തട്ടിപ്പിലെ പ്രധാനിയെന്നും പൊലീസ് കണ്ടെത്തി. ഒളിവിലുള്ള മുഖ്യപ്രതി അനീഷിന് ഈ സംഘം സഹായം നല്‍കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. തെളിവെടുപ്പിനെ തുടർന്ന് അറസ്റ്റിലായ പ്രതി ലിബീഷിന്റെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Advertisements

കൊല നടത്തിയത് കൃഷ്ണന്റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു . ലിബീഷിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. ലിബീഷിന്റെ വീട്ടില്‍ നിന്ന് കൃഷ്ണന്റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 29നാണ് കൊലപാതകം നടന്നത്. കൃഷ്ണനെ അനീഷ് വകവരുത്തിയത് മാന്ത്രികശക്തി അപഹരിക്കാന്‍ വേണ്ടിയാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തൊൻപതിനാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്നു കൊലപ്പെടുത്തുന്നത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം നിന്ന് പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാൾ സ്വന്തം നിലയ്ക്ക് പൂജകൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഇവയൊന്നും വേണ്ടത്ര വിജയിച്ചിരുന്നില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് അനീഷിനെ കൊലയ്ക്കു പ്രേരിപ്പിച്ചത്.

ആറു മാസങ്ങൾക്കു മുൻപുതന്നെ ഇതിനായുള്ള പദ്ധതികൾ അനീഷ് തയാറാക്കിയിരുന്നു. എന്നാൽ ലിബീഷ് സഹകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് അന്നിത് നടക്കാതെ പോയത്.

കൃഷ്ണനെ കൊന്നാൽ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്കു കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂർത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നത്. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. പതിനഞ്ചു വർഷത്തെ പരിചയമുള്ള ലിബീഷിനൊപ്പം ചേർന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കുകയും ചെയ്തു. അടിമാലിയിലെ ഒരു കുഴൽക്കിണർ കമ്പനിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. സ്വർണവും പണവും നൽകാമെന്നു പറഞ്ഞാണ് ലിബീഷിനെ ഒപ്പം കൂട്ടിയത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ അനീഷ് ലിബീഷിന്റെ വീട്ടിലെത്തി. ബുള്ളറ്റിന്റെ വാഹനഭാഗവുമായി രാത്രി പന്ത്രണ്ടു മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന കൃഷ്ണനെ പുറത്തു വരുത്താൻ സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ പതിവില്ലാത്ത കരച്ചിൽ കേട്ട് പുറത്തെത്തിയ കൃഷ്ണനെ അനീഷ് കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നാലെയെത്തിയ ഭാര്യ സുശീലയെ ലിബീഷും കൊലപ്പെടുത്തി.

മൂന്നാമതായി മകൾ ആർഷയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. അക്രമം ചെറുത്ത ആർഷയെ കൊലപ്പെടുത്താൻ സമയമെടുത്തു. ശബ്ദം കേട്ടെത്തിയ അർജുനെ മർദ്ദിച്ച് അവശനാക്കിയശേഷം വെട്ടിക്കൊലപ്പെടുത്തി. പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നാലുപേരുടെയും ശരീരങ്ങൾ വികൃതമാക്കി.

വീടിനുള്ളിൽ കയറി സ്വർണം കവർന്നശേഷം നേരെ ലിബീഷിന്റെ വീട്ടിലേക്കു പോയി. അവിടെവച്ച് പൊലീസ് പിടികൂടാതിരിക്കാനുള്ള പൂജ ചെയ്തു. കൊല നടത്തിയതിന്റെ രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിനായി എത്തിയത്. ഇവർ മടങ്ങിയെത്തുമ്പോഴാണ് അർജുൻ മരിച്ചിട്ടില്ലെന്ന് മനസിലായത്. വീടിനുള്ളിൽ തലയ്ക്ക് കൈകൊടുത്ത് ലിവിങ് റൂമിലിരിക്കുകയായിരുന്നു അർജുൻ. ഇതോടെ ഒരിക്കൽക്കൂടി അർജുനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. പിന്നീടാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്.

അതേസമയം, മറവു ചെയ്യുമ്പോൾ കൃഷ്ണനും അർജുനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. ഇവരുടെ ശ്വാസകോശത്തിൽനിന്ന് മണ്ണ് കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം.

Advertisement