കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ചിറക്കിവിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനായി ഉടമ സുരേഷ് കല്ലട ഹാജരായി.
അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസ് ആയ കല്ലടയിൽ യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് അതിക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ആണ് ബസ് ഉടമ സുരേഷ് കല്ലട പോലീസ് സ്റ്റേഷനിൽ ഹാജരായത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് വൈകിട്ട് നാലു മണിയോടെ സുരേഷ് എത്തിയത്. ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നിലപാട് എടുത്തിരുന്നു.
ആരോഗ്യപ്രശ്നമുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സുരേഷ് അറിയിച്ചുവെങ്കിലും അത് പോലീസ് വകവച്ചിരുന്നില്ല.
സുരേഷ് കല്ലടയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച തിരുവനന്തപുരത്തുനിന്നും ബംഗലൂരുവിലേക്ക് പോയ ബസ് ഹരിപ്പാടിന് സമീപം കേടായതോടെ യാത്ര മുടങ്ങുന്ന സ്ഥിതിവന്നു.
ഇത് ചോദ്യം ചെയ്തതിനാണ് മൂന്നു യാത്രക്കാരെ വൈറ്റിലയിലെ ഓഫീസിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. യാത്രക്കാരിൽ ഒരാൾ മരട് സ്റ്റേഷനിലേക്ക് വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.
പിറ്റേന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പോലീസും ഉണർന്നു പ്രവർത്തിച്ചത്.തിങ്കളാഴ്ച ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത പോലീസ് ഏഴു പ്രതികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തിരുന്നു.
പന്ത്രണ്ടോളം പേർ ചേർന്നാണ് മർദ്ദിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. ഇതിനു പിന്നാലെ അന്തർസംസ്ഥാന ബസ് സർവീസുകളുടെ പ്രവർത്തനം സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ് വ്യാപകമായി പരിശോധനയും നടന്നിരുന്നു.
ചട്ടങ്ങൾ പാലിക്കാതെ സർവീസ് നടത്തിയിരുന്ന ബസുകൾ നടപടിയും നേരിട്ടിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്.
രക്ത സമ്മർദം ഉയർന്നതിനെത്തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് ഇയാൾ രാവിലെ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് വൈകുന്നേരത്തോടെ സുരേഷ് കല്ലട ഹാജരായതെന്നാണ് സൂചന. പൊലീസ് സുരേഷിന്റെ മൊഴിയെടുക്കുകയാണ്.
ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട നേരത്തെ അറിയിച്ചത്.
എന്നാൽ ഇതിനുപിന്നാലെ ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്.
ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയിരുന്നില്ല.