ചാലക്കുടി: പ്രളയക്കെടുതിയുടെ ദുരിതം പങ്ക് വെച്ച് കലാഭവന്‍ മണിയുടെ കുടുംബം. തങ്ങള്‍ക്ക് ഇത് രണ്ടാം ജന്മമാണെന്നും, ഇത്രയും വലിയ ഒരു ദുരന്തം തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മണിയുടെ കുടുംബം പറയുന്നു. വീട്ടിലേക്ക് അപ്രതീക്ഷിതമായി വെള്ളം കയറിയപ്പോള്‍ മരണമുഖത്തെ നേരില്‍ കണ്ടെന്ന് ഇവര്‍ ദീര്‍ഘ നിശ്വാസത്തോടെ പറയുന്നു.
വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്ന് ദിവസത്തോളം തങ്ങള്‍ക്ക് കഴിയേണ്ടി വന്നെന്നും കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി തകര്‍ത്തു പെയ്ത മഴയില്‍ ചാലക്കുടിയിലെ വീട്ടില്‍കുടുങ്ങി കഴിയുകയായിരുന്നു ഇവര്‍. മരണത്തെ മുഖാമുഖം കണേണ്ടി വന്ന നിമിഷം മണിയുടെ ഭാര്യ നിമ്മി പങ്കുവെച്ചു.
”ആദ്യ ദിവസം റോഡില്‍ ഒട്ടും തന്നെ കയറിയിട്ടില്ലായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു അവസ്ഥ പ്രതീക്ഷിച്ചില്ല. എന്നാല്‍ രാത്രി ആയപ്പോഴേക്കും വീടിനുള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങി. കയ്യില്‍ ഉള്ള അത്യാവശ്യ വസ്തുക്കളുമായി ഞങ്ങള്‍ എല്ലാവരും മുകളിലെ നിലയിലേയ്ക്ക് കയറി. താഴെ നിന്നും ഒന്നും എടുക്കാനുള്ള സാവകാശം പോലും ഉണ്ടായിരുന്നില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം അങ്ങനെ കഴിയേണ്ടിവന്നു. വീടിന്റെ രണ്ടാം നില വരെയും വെള്ളം കയറി. ടെറസ്സിലെ സണ്‍ ഷെയ്ഡിലാണ് താമസിച്ചത്. അവസാനം ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. ഒരുപാട്‌പേര്‍ ഇതിനിടെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്.”-നിമ്മി പറഞ്ഞു.
ഇതിനിടെ കലാഭവന്‍മണി നിര്‍മിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അദ്ദേഹം. കയ്പമംഗലത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ വന്നാണ് രാമകൃഷ്ണനെയും സംഘത്തെയും രക്ഷിച്ചത്.