അവിഹിതം അറിഞ്ഞ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവതിക്കും കാമുകനും കിട്ടിയത് എട്ടിന്റെ പണി, സംഭവം കൊച്ചി കാക്കനാട്ട്‌

493

കാക്കനാട്: ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യയും സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പൊലീസ് പാലക്കാട്ട് നിന്ന് അറസ്റ്റ് ചെയ്തു. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

Advertisements

തൃക്കാക്കര പൊലീസാണ് ഇവരെ പിടികൂടിയത്. ഇവര്‍ ഓട്ടോയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച ഏലൂര്‍ സ്വദേശിയായ യുവാവ് കൈ ഒടിഞ്ഞ് ചികിത്സയിലാണ്.

ഐശ്വര്യ സഹകരണ സംഘം ഓഡിറ്ററാണ്. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്. ഐശ്വര്യയുടെ ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യക്ക് ഡെല്‍സണുമായുള്ള സൗഹൃദത്തെപ്പറ്റി അറിഞ്ഞത്.

തുടര്‍ന്ന് ഇയാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ജോലി സമ്പാദിച്ചു. കുറച്ചുകാലം ഡെല്‍സണുമായുള്ള ബന്ധം ഐശ്വര്യ ഉപേക്ഷിച്ചെങ്കിലും വീണ്ടും തുടരുന്നതായി ഭര്‍ത്താവ് കണ്ടെത്തി. ഒക്ടോബര്‍ 25ന് ജില്ലാ സഹകരണ ബാങ്കില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സഹകരണസംഘം ഓഡിറ്ററായ ഐശ്വര്യയും എത്തിയിരുന്നു. കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവെത്തിയെങ്കിലും ഐശ്വര്യ ഡെല്‍സണൊപ്പം ഓട്ടോയില്‍ മടങ്ങുകയായിരുന്നു.

ഇരുചക്രവാഹനത്തില്‍ ഓട്ടോയെ പിന്തുടര്‍ന്ന ഐശ്വര്യയുടെ ഭര്‍ത്താവിനെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പൂജാരിവളവില്‍ വച്ച് ഡെല്‍സണ്‍ ഓട്ടോ ഇടിപ്പിച്ചു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഭര്‍ത്താവിന്റെ കൈ ഒടിഞ്ഞു. സംഭവത്തിന് ശേഷം ഐശ്വര്യയും ഡെല്‍സണും ഒളിവില്‍ പോയി. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഇവര്‍ പാലക്കാട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാലക്കാട്ടെ ട്രാവല്‍ ഏജന്‍സിയെ സമീപിക്കവേയാണ് ഇരുവരെയും തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം ഐശ്വര്യ ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.ശനിയാഴ്ച വൈകീട്ട് സ്റ്റേഷനില്‍ ഇരുവരെയും കൊണ്ടുവന്നപ്പോള്‍ ഭര്‍ത്താവും എത്തിയിരുന്നു. ഭര്‍ത്താവിനോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് ഐശ്വര്യ പൊലീസിനെ അറിയിച്ചു. വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.മാരായ എ.എന്‍. ഷാജു, കെ.കെ. ഷെബാബ്, എ.എസ്.ഐ. റോയ് കെ. പുന്നൂസ്, സീനിയര്‍ സി.പി. ഒ. സെന്‍, പോലീസുകാരായ രമേശ്കുമാര്‍, ശ്യാംകുമാര്‍, വിനോദ്, വെല്‍മ ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Advertisement