കൊച്ചി: സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷാവധക്കേസില്‍ പ്രതി അസം സ്വദേശി അമീറിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു വിധി പ്രസ്താവിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി ശിക്ഷവരെ ലഭിക്കുന്ന കുറ്റങ്ങള്‍ പ്രതി ചെയ്തതായാണ് കോടതിയുടെ കണ്ടെത്തല്‍.
പ്രതിക്ക് നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം വാദവും പൂര്‍ത്തിയായതിനെ തുടര്‍ന്ന് സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാറാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
പ്രതി പൈശാചികമായ കൊലപാതകമാണ് നടത്തിയതെന്നും സഹതാപം അര്‍ഹിക്കുന്നില്ലെന്നും നിര്‍ഭയ കേസിന് സമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപമില്ലെന്നും ഇത്തരം പ്രതികള്‍ രക്ഷപ്പെട്ടാല്‍ സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ വാദിച്ചു.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ഐ.പി.സി 449 വകുപ്പ് അനുസരിച്ചും പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സാധിക്കാത്തവിധം തടഞ്ഞുവച്ചതിന് 342ാം വകുപ്പ് പ്രകാരവും ബലാത്സംഗത്തിന് 376 വകുപ്പനുസരിച്ചും ആയുധമുപയോഗിച്ച് രഹസ്യഭാഗത്ത് ആക്രമിച്ച് മരണതുല്യമാക്കിയതിന് 376 (എ) പ്രകാരവും കൊലപാതകത്തിന് ഐ.പി.സി 302 പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
അതേസമയം തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരേ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
പ്രതി അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും അതിനെ ചെറുത്തപ്പോള്‍ കൈയില്‍ കരുതിയ ആയുധമുപയോഗിച്ച് അതിക്രൂരമായി വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ചശേഷം മാനഭംഗപ്പെടുത്തിയെന്നും തുടര്‍ന്ന് കൊല നടത്തിയെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍.
കേസില്‍ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പൊലിസ് സമര്‍പ്പിച്ചത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും രാസപരിശോധനാ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.
ജിഷയുടെ മാതാവ് വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. 2016 ഏപ്രില്‍ 28ന് വൈകിട്ട് 5.30നും ആറിനുമിടയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിനുള്ളില്‍ നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ടത്.