മൃതശരീരത്തില്‍ നിന്ന് ഒന്നരപ്പവന്റെ മാല മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗ്രേഡ് 2 അറ്റന്‍ഡറായ പന്തളം സ്വദേശി ജയലക്ഷ്മി (35) മുമ്ബും രോഗിയുടെ പണവും കവര്‍ന്നതായി സമ്മതിച്ചു.
മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുമ്ബ് ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ 4000 രൂപയും കവര്‍ന്നതായി സമ്മതിച്ചത്.
ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് വിഷം ഉളളില്‍ ചെന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മണക്കാട് യമുനാനഗര്‍, ഹൗസ് നമ്ബര്‍ 22-ല്‍ രാധ (26) യുടെ മാല മോഷ്ടിച്ച കേസിലാണ് ജയലക്ഷ്മിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദ്ദേശപ്രകാരം ജയലക്ഷ്മിയെ സസ്പെന്‍ഡ് ചെയ്തു.
എംപ്ലോയ്മെന്റില്‍ നിന്ന് താത്കാലിക ജോലി ലഭിച്ച് സ്ഥിരപ്പെടുത്തിയവരില്‍ ഉള്‍പ്പെട്ടയാളാണ് അറസ്റ്റിലായ ജയലക്ഷ്മി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അതേ സമയം മെഡിക്കല്‍കോളേജ് ജീവനക്കാരി മാല മോഷ്ടിച്ചതിന്റെ പേരില്‍ മുഴുവന്‍ ജീവനക്കാരെയും അടച്ചാക്ഷേപിക്കരുതെന്ന് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരിയായ ജീവനക്കാരിയെ അപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്യാനും നിയമ നടപടികള്‍ക്ക് വിധേയമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും സമൂഹ മാദ്ധ്യമങ്ങളിലും മറ്റും അടച്ചാക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെ മനോവീര്യം തകര്‍ക്കും വിധത്തിലുള്ള ദുഷ്പ്രചരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും ആശുപത്രിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയതായും സൂപ്രണ്ട് വ്യക്തമാക്കി.
മെഡിക്കല്‍ കോളേജില്‍ മോഷണം പെരുകുന്നു
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണം പെരുകിയിട്ടും നടപടി എടുക്കാതെ അധികൃതരുടെ ഒളിച്ചു കളി. തീവ്ര പരിചരണ വിഭാഗങ്ങള്‍,വാര്‍ഡുകള്‍, ഒ.പി വിഭാഗം തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷ്ടാക്കള്‍ വിഹരിക്കുന്നത്.
ആശുപത്രിയിലെ മോഷണങ്ങളും സാമൂഹ്യവിരുദ്ധശല്യവും തടയാന്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ട് ഏറെ നാളായെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ആശുപത്രി ജീവനക്കാരുടെ കൈക്കൂലിവാങ്ങലും കൃത്യവിലോപങ്ങളുമെല്ലാം കാമറയില്‍ പതിയുമെന്നതാകാം കാമറ സ്ഥാപിക്കുന്നതിന് മടിക്കുന്നതെന്നാണ് രോഗികളുടെ ആക്ഷേപം.
അത്യാഹിത വിഭാഗം, തീവ്ര പരിചരണ വിഭാഗം , ഇടനാഴികള്‍, പാര്‍ക്കിംഗ് യാര്‍ഡ് , ഗേറ്റുകള്‍ എന്നിവിടങ്ങളില്‍ കാമറ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം.
രോഗികളുടെ കൂട്ടിരിപ്പുകാരാണ് മോഷ്ടാക്കളുടെ ഇരകളാകുന്നത്. കൂട്ടിരിപ്പുകാരോട് ചങ്ങാത്തംകൂടിയാണ് മോഷണം.വിശ്വസിച്ചേല്‍പ്പിക്കുന്ന ബാഗും വിലപ്പെട്ട സാധനങ്ങളുമായി സ്ഥലം വിടുന്നതാണ് ഇവരുടെ രീതി.
നിരവധി തവണ ഇത്തരംതട്ടിപ്പുകള്‍ അരങ്ങേറിയെങ്കിലും ചികിത്സാ രേഖ കൈവശം ഇല്ലാത്തവരെ കണ്ടെത്തി പുറത്താക്കുന്നതില്‍ സുരക്ഷാ വിഭാഗം പരാജയപ്പെടുകയാണ്.
പാര്‍ക്കിംഗ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ തട്ടിയെടുക്കുവാന്‍ മാത്രം ഒരു സംഘം മെഡിക്കല്‍ കോളേജ് കാമ്ബസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി പേരാണ് ഒരു ദിവസം പരാതിയുമായി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. വിദൂരങ്ങളില്‍ നിന്നും ചികിത്സ തേടി എത്തുന്നവരായതിനാല്‍ പലരും കേസിന് പിന്നാലെ പോകാന്‍ മെനക്കെടാതെ പിന്‍വാങ്ങുന്നതാണ് മോഷണം വര്‍ദ്ധിക്കുവാന്‍ കാരണം.
കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാരിതന്നെ മോഷണത്തിന് ചുക്കാന്‍ പിടിച്ചതോടെ ജീവനക്കാരെയും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. കാമ്ബസിനുള്ളില്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.