ഇന്റര്‍കോണ്ടിനന്റല്‍ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക് , കെനിയയെ തകര്‍ത്തത് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍

16

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ കെനിയയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയ്ക്ക് ഇന്റര്‍കോണ്ടിനന്റല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കിരീടം.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സുനില്‍ ഛേത്രി ഇതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ലയണല്‍ മെസ്സിയെ മറികടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ ഗോളുകളുടെ എണ്ണത്തില്‍ താരത്തിന് മുന്നിലുള്ളത്.

Advertisements

ഇന്ത്യ, കെനിയ, ചൈനീസ് തായ്‌പെയ്, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ തമ്മിലാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്. ഇതില്‍ ന്യൂസീലാന്റിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ മറ്റ് മത്സരങ്ങളില്‍ മിന്നുന്ന ജയവും മികച്ച ഗോള്‍ ശരാശരിയും കരസ്ഥമാക്കിയ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

ഛേത്രിയുടെ രണ്ട് ഗോളുകളും മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു. ഇന്ത്യന്‍ താരം താപയുടെ ഫ്രീകിക്ക് ഗോള്‍ വലയില്‍ എത്തിച്ചാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോളാവട്ടെ ജിങ്കാന്റെ ക്രോസില്‍ നിന്നുമായിരുന്നു.

ഇതോടെ വരാനിരിക്കുന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ പങ്കെടുക്കാം. നേരത്തെ കളി കാണാന്‍ വരൂ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ അഭ്യര്‍ത്ഥന കാരണം സ്റ്റേഡിയം നിറയെ കാണികളാണ് മത്സരം കാണാന്‍ എത്തിയത്.

Advertisement