ധോണിയെ തോല്‍പ്പിക്കാനാവില്ല മക്കളെ: മഹികൊടുങ്കാറ്റില്‍ തകര്‍ന്ന് വീണ് ഓസീസ്: മൂന്നാം എകദിനത്തില്‍ കിടുക്കന്‍ ജയത്തോടെ ഇന്ത്യക്ക് പരമ്പര, ഇത് ചരിത്രം

38

ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം.

Advertisements

മഹേന്ദ്ര സിങ് ധോണിയുടെ 87 റണ്‍സ് ഇന്നിങ്സും കേദാര്‍ ജാദവിന്റെ 61 റണ്‍സ് ഇന്നിങ്‌സിന്റെയും മികവില്‍ ഇന്ത്യ കംഗാരുക്കളെ 7 വിക്കറ്റിന് തോല്‍പ്പിച്ചു.ഇതോടെ, മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി. ഒരു ഘട്ടത്തില്‍ 27ന് 2 എന്ന നിലയില്‍ മുന്നറ്റം തകര്‍ന്ന ഓസ്‌ട്രേലിയയെ ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റുകയായിരുന്നു.

58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഖ്വാജ 34ഉം മാര്‍ഷ് 39 റണ്‍സുമെടുത്ത് പുറത്തായി.

യുസ്വേന്ദ്ര ചാഹലിന്റെ മാസ്മരിക പ്രകടനമാണ് ഓസീസിനെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമായത്. സിഡ്നിയിലും അഡ്ലെയ്ഡിലും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ വാട്ടര്‍ബോയ് ആയിരുന്ന ചാഹല്‍ മെല്‍ബണില്‍ കിട്ടിയ അവസരത്തില്‍ സ്പിന്‍ചുഴലിക്കാറ്റായി ആഞ്ഞുവീശി.

ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് ഈ ചുഴലിക്കാറ്റില്‍ തകര്‍ന്നത് ആറ് വിക്കറ്റുകളാണ്. ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖ്വാജ, മാര്‍ക്കസ് സ്റ്റോയ്നിസ്, ജേ റിച്ചാര്‍ഡ്സന്‍, ആദം സാംപ, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് എന്നിവരും ചാഹലിന്റെ പന്തില്‍ കൂടാരം കയറി.

ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തിലേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറി വരുമ്പോഴാണ് ചാഹല്‍ ചുഴലിക്കാറ്റായി വീശിയടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ കോഹ്ലി ശിഖര്‍ ധവാനുമായി സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോകവെ 23 റണ്‍സെടുത്ത് ധവാനെ നഷ്ടമായി.

പിന്നീടെത്തിയ ധോണിയോടൊപ്പം കോഹ്ലി നടത്തിയ കൂട്ടുകെട്ടും കേദാര്‍ ജാദവുമായി ചേര്‍ന്ന് ധോണി നടത്തിയ കൂട്ടുകെട്ടുമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച് ടീമിനെ ജയിപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് 46 റണ്‍സാണ് നേടാനായത്.

റിച്ചാര്‍ഡ്‌സണ്‍, സിഡില്‍, സ്‌റ്റോയിണിസ് എന്നിവര്‍ ഓസ്‌ട്രേലയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇന്നത്തെ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിരുന്നു.

Advertisement