ഇടുക്കി: മഴ ശമിച്ചെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. രണ്ട് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.ആദ്യ ജാഗ്രതാ നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും. 2403 അടി സംഭരണശേഷിയുള്ള ഇടുക്കി ഡാമിനുള്ളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ 2319.08 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചു.
വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്. റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബിയും ചേര്‍ന്നാണ് സര്‍വെ നടത്തുന്നത്.
ഇതിന് മുമ്ബ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.