സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കാളും മികച്ച ശരാശരിയുള്ള അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്ക് എതിരെ പൊട്ടിത്തെറിച്ച് ഐസിസിയും

24

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തുന്നു.

നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള അമ്പാട്ടി റായുഡുവിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരെ ആരാധകരും മുന്‍ താരങ്ങളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisements

അതിനിടയിലാണ് അമ്പാട്ടി റായിഡുവിനെ എന്തുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന ചോദ്യവുമായി ഐസി സിയും കളം നിറയുന്നത്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കാളും ശരാശരിയുള്ള ബാറ്റ്‌സ്മാനായ റായുഡു ഇന്ത്യന്‍ സംഘത്തിനൊപ്പം വേണ്ട എന്ന നിങ്ങള്‍ കരുതുന്നുണ്ടോയെന്ന ചോദ്യമാണ് ഐ സി സി ട്വിറ്ററിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.

ആദ്യ 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റായുഡു ഉള്ളതെന്നും ഐ സി സി ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ 47.05 ശരാശരിയുമായി റായുഡു നാലാം സ്ഥാനത്തുളളപ്പോള്‍ 44.83 ശരാശരിയുള്ള സച്ചിന്‍ അഞ്ചാം സ്ഥാനത്താണ്.

ആദ്യ ഇരുപത് മത്സരങ്ങളിലെ ശരാശരിയുടെ കാര്യത്തില്‍ കോലിയാണ് ഒന്നാം സ്ഥാനത്ത്. 59.57 ശരാശരിയാണ് കോലിക്കുള്ളത്. 50.37 ശരാശരിയുള്ള ധോണി രണ്ടാമതും 47.39 ശരാശരിയുള്ള രോഹിത് ശര്‍മ്മ മൂന്നാമതുമുണ്ട്.

കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള അമ്പാട്ടിയെ ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഏവരും ചൂണ്ടികാണിക്കുന്നത്.

എന്തുകൊണ്ടാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നിരത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സാധിക്കാത്തതും ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ധോണിയുടെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഋഷഭ് പന്തിനെ ഒഴിവാക്കിയതിലും ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഇന്ന് ഉച്ചയോടെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍.

റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം.

ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍. നാലാം നമ്പറില്‍ ആര് വരുമെന്ന സര്‍പ്രൈസ് ഇപ്പോഴും ബാക്കില്‍ക്കുകയാണ്.

Advertisement