ആലപ്പുഴ: കുമ്പസാര രഹസ്യം മുതലാക്കി ഭീഷണിപ്പെടുത്തി ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അച്ചന്മാര്‍ക്കെതിരെ വിശ്വാസപൂര്‍വം സഭാനേതൃത്വത്തിന് നല്‍കിയ തെളിവ് പരസ്യപ്പെടുത്തിയതിലൂടെ സഭയുടെയും അന്വേഷണ കമ്മിഷന്റെയും വിശ്വാസ്യത ഇല്ലാതായതായി വീട്ടമ്മയുടെ ഭര്‍ത്താവ്.
നീതി ലഭിക്കുമെന്ന് കരുതിയാണ് വികാരിമാരുടെ കൊള്ളരുതായ്മകള്‍ മൂന്ന് മെത്രാന്മാര്‍ക്കും കാതോലിക്കാ ബാബയ്ക്കും മുന്‍പാകെ മറ്റ് രേഖകള്‍ക്കൊപ്പം തെളിവായി നല്‍കിയതെന്ന് അദ്ദേഹം കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവരങ്ങള്‍ 200 രൂപയുടെ മുദ്രപ്പത്രത്തിലാണ് സത്യപ്രസ്താവമായി യുവതി ഭര്‍ത്താവിന് എഴുതി നല്‍കിയത്. വികാരിമാര്‍ കാട്ടിയ ലൈംഗിക വൈകൃതങ്ങളെപ്പറ്റിയും സോഷ്യല്‍ മീഡിയിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങളാണ് പ്രധാനമായും എഴുതിയിരുന്നത്.
അതേസമയം, പീഡന വിവരങ്ങള്‍ സഭാനേതൃത്വം മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെയും ഭാര്യയെയും ഇല്ലാതാക്കാന്‍ സഭ മടിക്കില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സാധാരണ ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ച തനിക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മാന്യമായി ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ഇതിലൂടെ ഇവര്‍ ചെയ്തത്. അച്ചന്മാര്‍ ഉള്‍പ്പെടെ എല്ലാവരോടും താന്‍ ക്ഷമിച്ചതാണ്. എന്നാല്‍ തന്നെ അപമാനിക്കാനും തേജോവധം ചെയ്യാനുമാണ് സഭാനേതൃത്വം മുതിര്‍ന്നത്.
സഭാനേതൃത്വത്തിന് നല്‍കിയ വിവരങ്ങള്‍ കുറ്റക്കാരായ വൈദികര്‍ക്ക് നല്‍കി അവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണ് സഭാനേതൃത്വം ശ്രമിച്ചത്. ഇതാണ് കഴിഞ്ഞ ദിവസം വികാരിമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതിന് കാരണം. ഇവര്‍ തെളിവുകളായി നല്‍കിയ രേഖകള്‍ എങ്ങനെയെത്തിയെന്ന് സഭാനേതൃത്വം വ്യക്തമാക്കണം. സഭയില്‍ സാധാരണക്കാരന് നീതി ലഭിക്കില്ല. നീതിക്കുവേണ്ടി ഏതറ്റംവരെയും പോകും. പരമോന്നത നീതിപീഠം മാത്രമാണ് ഇനി ഏക ആശ്രയം. തന്റെ ഭാര്യ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പുതിയ ജീവിതം നയിക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമായത്.
കുമ്പസാരത്തിലൂടെ പുതിയ ജീവതത്തിലേക്ക് കടക്കാന്‍ ശ്രമിച്ച തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ഇവരുടെ ഇംഗിതങ്ങള്‍ക്കായി ഉപയോഗിച്ചു. നീചമായ പ്രവൃത്തി ചെയ്തവരെ പുറത്താക്കുന്നതിനുപകരം രക്ഷിക്കാനാണ് സഭാ നേതൃത്വം ശ്രമിക്കുന്നത്. എല്ലാ തെറ്റുകളും തന്നോട് ഏറ്റുപറയുകയും താന്‍ ആവശ്യപ്പെട്ട പ്രകാരം എഴുതി നല്‍കുകയും ചെയ്ത ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനാണ് അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്.
സഭയുടെ ഒരു പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ നിലപാടുകളെ മാറ്റാന്‍ കഴിയില്ല. വികരിമാര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. സഭയുടെ കൊള്ളരുതായ്മകള്‍ക്കെതിരെ താന്‍ ശക്തമായി നിലകൊള്ളുമെന്നും ഇതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്രി തനിക്ക് ഭയമില്ലെന്നും ഇത്തരം മനോവൈകല്യം നിറഞ്ഞ വികാരിമാരുടെ മുന്‍പാകെയുള്ള കുമ്ബസാരം അവസാനിപ്പിക്കണമെന്നും യുവാവ് അവശ്യപ്പെട്ടു.