വേലക്കാരിയുടെ ക്രൂരത; റിയാദില്‍ 11 വയസുകാരിക്ക് ദാരുണാന്ത്യം

22

റിയാദ്: റിയാദില്‍ പ്രവാസി വേലക്കാരി 11 വയസുകാരിയെ കുത്തിക്കൊന്നു. സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയാണ് വേലക്കാരിയുടെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. വേലക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരന്‍ അലിക്ക് (14) സാരമായി പരിക്കേറ്റു. അലി തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. എത്യോപ്യക്കാരിയാണ് കുറ്റകൃത്യം ചെയ്തത്. അവര്‍ ആക്രമിക്കാന്‍ വരുന്നതു കണ്ട കുട്ടികള്‍ റൂമില്‍ കയറി ഒളിച്ചെങ്കിലും യുവതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. അലിയെ 14 തവണ വേലക്കാരി കുത്തിയതായും ബന്ധുക്കളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരന്‍ മാതാവിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പോലീസ് എത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

Advertisements

ഇഖാമയുടെ കാലാവധി തീര്‍ന്നതിനാല്‍ വേലക്കാരിയെ നാട്ടിലയക്കാന്‍ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ് അല്‍ ഖറാനി പറഞ്ഞു. മകള്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതിനുള്ള നടപടികള്‍ ചെയ്യുന്നതിനിടയിലാണ് വേലക്കാരി ഈ ക്രൂരത ചെയ്തതെന്നും അല്‍ഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയതിനാല്‍ അല്‍ഖറാനി വേറെയാണ് താമസം.

Advertisement