ചെങ്ങന്നൂര്‍: സമീപവാസികളായ സ്ത്രീകളും യുവാക്കളും ചെങ്ങന്നൂരില്‍ ലേഡീസ് ഹോസ്റ്റലില്‍ കയറി അതിക്രമം കാണിച്ച സംഭവത്തില്‍ കൂടുതല്‍ തുറന്നു പറച്ചിലുകളുമായി വിദ്യാര്‍ഥിനികള്‍. പ്രളയത്തെക്കാള്‍ പേടിച്ചത് തൊട്ടപ്പുറത്ത് കോളേജില്‍ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ തങ്ങളെ കൊലപ്പെടുത്തുമോ എന്നായിരുന്നെന്നും ആഗസ്റ്റ് 18 ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥിനികകളും റൂംമേറ്റുകളുമായ ആദിത്യ, വൈഷ്ണവി, പാര്‍വ്വതിയും പറഞ്ഞത്. കുറേപേര്‍ ചേര്‍ന്ന ഇവരെ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദ്ദിക്കുന്നതിന്റെയും കഴുത്തില്‍ മുറുക്കിപ്പിടിച്ച് കസേരകൊണ്ടു തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
തിരുവന്‍വണ്ടൂരിലെ എരമല്ലിക്കരയിലെ ഹോസ്റ്റലില്‍ 29 വിദ്യാര്‍ത്ഥിനികളും പ്രായമായ മേട്രനും പാചകക്കാരിയും ഉള്‍പ്പെടെ 31 പേരായിരുന്നു ഉണ്ടായിരുന്നത്. നാലു ദിവസം മുമ്പാണ് ഹോസ്റ്റല്‍ പ്രളയത്തില്‍ മുങ്ങിയത്. അതിന് മുമ്പായി തന്നെ പമ്പാ ഡാം തുറന്നെന്നും എല്ലാവരും ഹോസ്റ്റല്‍ വിടണമെന്നും മുന്നറിയിപ്പ് കിട്ടിയിരുന്നു. തുടര്‍ന്ന് പാര്‍വ്വതി ഓച്ചിറയിലെ വീട്ടിലേക്ക് പോകാനൊരുങ്ങി. എന്നാല്‍ വെള്ളം നന്നായി പൊങ്ങിയെന്ന് പറഞ്ഞ് മേട്രന്‍ വിട്ടില്ല. രാത്രിയില്‍ എല്ലാവരും അവിടെ തങ്ങി.
രണ്ടാം ദിവസം താഴത്തെ നില പൂര്‍ണ്ണമായും മുങ്ങിയതോടെ സീനിയേഴ്സ് ജൂനിയേഴ്സിനെയും വിളിച്ചുകൊണ്ട് രണ്ടു ടെറസുകളുള്ള മുകളിലത്തെ നിലയിലേക്ക് കയറി. ഇവിടെ നിന്നാല്‍ പത്തടി അകലെയുള്ള കോളേജു കാണാനാകും. തൊട്ടടുത്തുള്ള 624 പേരെ കയറ്റിപാര്‍പ്പിച്ച് അവിടം ദുരിതാശ്വാസ ക്യാമ്പാക്കിയിരുന്നത് കാണാമായിരുന്നു. എന്നാല്‍ ഈ ക്യാമ്പിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. അതേസമയം ക്യാമ്പിലുള്ളവര്‍ ഈ പെണ്‍കുട്ടികളെ കണ്ടത് ശത്രുക്കളെന്ന പോലെയാണ്.
രക്ഷിക്കാാന്‍ വന്ന ഹെലികോപ്റ്ററുകള്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒച്ച വെച്ചത് കാര്യങ്ങള്‍ വഷളാക്കി. ഹെലികോപ്റ്ററുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒച്ച വെയ്ക്കുകയോ അടയാളങ്ങള്‍ കാട്ടുകയോ വേണമെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കിയിരുന്നു. നിങ്ങള്‍ ഇങ്ങിനെ ഒച്ചവെച്ചാല്‍ ഞങ്ങളെ അവര്‍ കാണില്ലെന്നായിരുന്നു ക്യാമ്പിലുള്ളവരുടെ പരാതി. എന്നാല്‍ ശ്രദ്ധക്ഷണിക്കാന്‍ ഇങ്ങിനെ ചെയ്യാനാണ് നിര്‍ദേശം എന്നായിരുന്നു പെണ്‍കുട്ടികളുടെ മറുപടി. ഹെലികോപ്റ്റര്‍ താഴ്ത്തുമ്പോള്‍ വീടുകളില്‍ തട്ടി അത് തകരുമോ എന്നായിരുന്നു അവരുടെ പേടി. അവരുടെ ഭക്ഷണം എന്ന പേടിയായിരിക്കുമെന്ന് രണ്ടു വിദ്യാര്‍ത്ഥിനികള്‍ സംശയിച്ചു.
ഒരു ദിവസം കഴിഞ്ഞപ്പോള്‍ ക്യാമ്പിലുള്ള ചിലര്‍ പെണ്‍കുട്ടികളെ കമന്റടിക്കാനും അശ്ളീലമായ രീതിയില്‍ സംസാരിക്കാനും തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ഫോണില്‍ നിന്നും സന്ദേശങ്ങളായും കോളുകളായും നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. തങ്ങള്‍ക്ക് വേണ്ടി കൂടി ക്യാമ്പില്‍ ഇട്ടുകൊടുത്ത ഭക്ഷണം പോലും ആരും തന്നുമില്ല. മൂന്ന് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 18 നാണ് ഭക്ഷണം കിട്ടിയത്. അതും ക്യാമ്പിലുള്ളവര്‍ക്ക് എടുക്കാന്‍ കഴിയാതെ വന്ന ഭക്ഷണപ്പൊതി. എന്നാല്‍ തങ്ങള്‍ കഴിക്കുന്നത് അവരുടെ ഭക്ഷണമാണെന്നും പറഞ്ഞു. ഭക്ഷണത്തിന് വേണ്ടിയായിരുന്നു വഴക്ക്. ഭക്ഷണപ്പൊതി വീഴുമ്പോള്‍ എല്ലാവരും അതിനായി കടിപിടി കൂടുന്നത് കാണാമായിരുന്നെന്നും പെണ്‍കുട്ടികള്‍ പറയുന്നു.