കനത്ത മഴയും ഉരുള്‍പൊട്ടലും: സംസ്ഥാനത്ത് 14 മരണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

26

കൊച്ചി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത്14 പേര്‍ മരിച്ചു. ഇടുക്കിയില്‍ എട്ടും മലപ്പുറത്ത് അഞ്ചും വയനാട്ടില്‍ ഒരാളുമാണ് മരിച്ചത്. നിലമ്പൂര്‍ ചെട്ടിയംപാറയില്‍ മണ്ണിടിഞ്ഞ് കാണാതായ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം.

അടിമാലിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഇടുക്കി അടിമാലിയിലും ചേലച്ചുവടിലും ഉരുള്‍പ്പൊട്ടലില്‍ ഏഴ് പേരെ കാണാതായി. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. പുഴ 15 മീറ്റര്‍ മാറി ഒഴുകുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയുമായിരുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ നിരവധി വീടുകളും തകര്‍ന്നു.

Advertisements

വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളനിയില്‍ ജോര്‍ജ്ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. വയനാട് ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ജില്ല ഒറ്റപ്പെട്ടു. വയനാട് മക്കിമലയിലും ഉരുള്‍പൊട്ടി 4 പേരെ കാണാതായി. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകെ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ഇടുക്കിയിലും വയനാട്ടിലും സംസ്ഥാനം സൈന്യത്തിന്റെ സേവനം തേടി. ദുരന്ത നിവാരണ സേന ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടിലെത്തി. മോശം കാലാവസ്ഥയ്‌ക്കൊപ്പം ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറക്കുന്നതായി കെഎസ്ഇബി അധികൃതര്‍ അറിയിപ്പ് നല്‍കി. അണക്കെട്ടിന് താഴെയായി മുതിരപ്പുഴയാറിനു കുറുകെയുള്ള പനംകുട്ടി ചപ്പാത്തില്‍ ഇപ്പോള്‍ തന്നെ വെള്ളം കയറിയിട്ടുണ്ട്. ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുന്നതായാണ് അറിയുന്നത്.

ഇടുക്കി അണക്കെട്ടിന് താഴേക്കായുള്ള മേഖലകളായ വാഴത്തോപ്പ്, കരിമ്പന്‍, ഉപ്പുതോട്, മരിയാപുരം, കീരിത്തോട്, ചേലച്ചുവട് മേഖലകളിലും ഇന്നലെഉച്ച മുതല്‍ കനത്ത മഴ തുടരുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, മേലേചിന്നാര്‍, പെരിഞ്ചാന്‍കുട്ടി മേഖലകളിലും കനത്ത മഴ തുടരുന്നതിനാല്‍ ചിന്നാര്‍ പുഴയിലും വലിയ കുത്തൊഴുക്കുണ്ട്. മുതിരപ്പുഴയും ചിന്നാറും പെരിയാറില്‍ ചേരുന്ന പനംകുട്ടി മുതല്‍ പെരിയാര്‍ ഇരു കരയും തൊട്ട് നിറഞ്ഞൊഴുകുന്നു. ഇടമലയാര്‍ കൂടി തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

ആലുവ മണപ്പുറം വെള്ളത്തിനടിയിലായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലെ വീടുകളില്‍ വെള്ളം കയറി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

അടിമാലി – കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടിയ്ക്കും പനംകുട്ടി പവര്‍ ഹൗസിനും ഇടയില്‍ പലയിടത്തും മണ്ണിടിഞ്ഞു ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. നേര്യമംഗലം – ഇടുക്കി പാതയില്‍ ലോവര്‍ പെരിയാര്‍ വനമേഖലയില്‍ പലയിടത്തും മണ്ണിടിഞ്ഞു ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

Advertisement