ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെൺകുട്ടിയാണ്ഞാൻ, എന്റെ ജീവിതം ഇല്ലാണ്ടക്കരുത്; പൊട്ടിക്കരഞ്ഞ് ഹനാൻ ലൈവില്‍

20

ഹനാൻ എന്ന പെണ്‍കുട്ടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത് വെറും ഒരൊറ്റ ദിവസം കൊണ്ടാണ് . എന്നാൽ ആ സന്തോഷത്തിനു മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപജീവനത്തിനായി കോളജ് യൂണിഫോമിൽ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ ദൃശ്യങ്ങളും വാർത്തയും വ്യാപകമായി പ്രചരിച്ചതോടെ നിരവധി സഹായങ്ങളും അവളെ തേടിയെത്തി. ഒപ്പം അടുത്ത ചിത്രത്തിൽ അവസരം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപിയും പ്രഖ്യാപിച്ചു. ഇതോടെ ഹനാനെതിരെ സൈബർ ആക്രമണങ്ങൾ വന്നുതുടങ്ങി.

മീൻകച്ചവടം നാടകമായിരുവെന്നും ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണെന്ന് വിമർശനമുയർന്നു. ഹനാൻ സിനിമാതാരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പാട്ടുപാടുന്ന വിഡിയോയും വ്യാപകമായി പ്രചരിച്ചു. ഹനാന്റെ വസ്ത്രധാരണം, കയ്യിലുള്ള മോതിരം ഇവയൊക്കെ എടുത്തുപറഞ്ഞായിരുന്നു സൈബർ ആക്രമണം തുടർന്നത്. ട്രോളുകളും അസഭ്യവർഷവും ശക്തമായതോടെ തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു കൊണ്ട് ഹനാൻ ലൈവിൽ വന്നു.

Advertisements

ഹനാൻ പറയുന്നതിങ്ങനെ;

ഇത്രയും കാലം ജീവിച്ചത് ആരുടേയും സഹായം സ്വീകരിച്ചിട്ടല്ല. കുറേ കഷ്ടപ്പെട്ടി‌ട്ടാണ് ജീവിച്ചത്. ഉമ്മച്ചിയ്ക്ക് മാനസികമായിട്ട് പ്രശ്നം, ബാപ്പിച്ചി ഉപേക്ഷിച്ചിട്ട് പോലും ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. ഏഴാം ക്ലാസ്സ് മുതൽ കഷ്ടപ്പെട്ടാണ് ഞാൻ ജീവിക്കുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ ജോലി ചെയ്തു. പെട്ടിക്കട നടത്തി. ഇവന്റ് മേനേജ്മെന്റ് പരിപാടികളിൽ ഫ്ളവർ ഗേളായും മറ്റും പങ്കെടുത്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. പലപ്പോഴായി കൂട്ടിവച്ച പണം കൊണ്ടാണ് മോതിരം വാങ്ങിയത്. സമ്മാനത്തുകയായി കിട്ടിയ പണം കൊണ്ടാണ് ഒരു സൈക്കിൾ വാങ്ങിയത്.

ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും അവസരം കിട്ടിയത്. ഒരുപാട് നടന്നിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടാൻ. ടേക്ക് ഓഫിൽ ഒരു സീനാണ് വന്നത്. അങ്ങനെ വല്ല ചാൻസ് കിട്ടിയാൽ ഞാൻ പോകും. അങ്ങനെ ഞാൻ പോയാലും കടയിൽ ഒരാള് ഉണ്ടാവും. മൂന്നുമണിക്ക് എഴുന്നേറ്റ് ബാബു എന്ന ചേട്ടനൊപ്പം പോയാണ് മീൻ എടുത്തു കൊണ്ടിരുന്നത്. അതുകഴിഞ്ഞാണ് കോളജിൽ പോയിരുന്നത്.

ഇന്ന് മോർണിങ്ങില് ചെമ്പക്കരേന്ന് മീൻ ഞാൻ സ്ഥിരം പറഞ്ഞിരിക്കുന്ന ഓട്ടോയിൽ ഷിജൂന്ന് പറയണ ചേട്ടൻ അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. ഇന്ന് അഞ്ചരയ്ക്ക് ഞാൻ കച്ചോടം ചെയ്യാൻ അവിടെ ഉണ്ടാകും. എന്നും ഞാൻ എന്റെ കച്ചോടം ഞാൻ ഇതുപോലെ തുട‌രും. ഞാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെൺകുട്ടിയാണ്. എന്നെ ഒന്ന് സഹായിക്കണ്ട. എനിക്ക് വൈറലാവണ്ട. ഒരു മീഡിയേടെ മുന്‍പിലും ഞാൻ മുൻപ് വന്നിട്ടില്ല. എനിക്ക് വൈറലാവണ്ട, എന്നെ‌ ആരും സഹായിക്കണ്ട. സഹായിക്കാൻ വരുന്നവരുടെ ഇടിയാണ് കോളജിൽ. ഒരു പെൺകുട്ടിയാണ് ഞാൻ എന്റെ ജീവിതം ഇല്ലാണ്ടക്കരുത്.’’- കൈകൂപ്പി പൊട്ടിക്കരഞ്ഞ് ഹനാൻ പറയുന്നു.

ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണു തമ്മനത്തെത്തിയതെന്ന വാദം ശരിയാണ്. എന്നാല്‍, ഇതിനുമുമ്പേ കളമശേരിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കളമശേരിയിലെ കച്ചവടം. ചില കാരണങ്ങളാല്‍ ഇവരുമായി പിരിഞ്ഞ് ഒറ്റയ്ക്കു തമ്മനത്ത് കച്ചവടം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമാണു ഈ കച്ചവടം.

കടുത്ത പുറം, ചെവി വേദനയെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു ഞാൻ. ആശുപത്രിയിലായതിനാല്‍ മീന്‍ എടുക്കാന്‍ ഒരു ഓട്ടോറിക്ഷാക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചരയോടെ തമ്മനത്തെത്തി മീന്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാലിപ്പോൾ എനിക്കും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത് എന്തിനെന്ന് അറിയില്ല. -ഹനാന്‍ വ്യക്തമാക്കി.

Advertisement