ഗ്രൂപ്പില്‍ വൈന്‍ വില്‍പ്പനക്കെന്ന് ചിത്രം സഹിതം പരസ്യം; വീര്യമുള്ളത് വീട്ടിലെത്തിയാല്‍ 350 രൂപയ്ക്ക് നല്‍കാമെന്നും വാഗ്ദാനം; എത്തിയത് എക്‌സൈസ്, ജിഎന്‍പിസിയുടെ അഡ്മിന്‍ കൂടിയായ ലിന്‍ഡ മുങ്ങി

19

തിരുവനന്തപുരം: വൈന്‍ വില്‍പ്പന ഫെയ്സ്ബുക്ക് വഴി നടത്തിയ ഇന്‍ഫോസിസ് ജീവനക്കാരിയുടെ വീട്ടില്‍ നിന്നും എക്സൈസ് സംഘം 70 ലിറ്റര്‍ വൈന്‍ പിടികൂടി. മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് നടപടി നേരിടുന്ന ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജി.എന്‍.പി.സി.) എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഡ്‌മിന്മാരില്‍ ഒരാളായ ടെക്നോപാര്‍ക്ക് ജീവനക്കാരി തൈക്കാട് ലെനിന്‍ നഗര്‍ വിശാഖം ഹൗസില്‍ ലിന്‍ഡ ഗില്‍ഫ്രഡിന്റെ വീട്ടില്‍നിന്നാണ് 106 കുപ്പികളില്‍ സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ വൈന്‍ കണ്ടെടുത്തത്.

വീട്ടുടമയും ലിന്‍ഡയുടെ അച്ഛനുമായ മൈക്കിള്‍ ഗില്‍ഫ്രഡിനെ അനധികൃതമായി വൈന്‍ സൂക്ഷിച്ചതിന് എക്സൈസ് സംഘം അറസ്റ്റുചെയ്തു റിമാന്‍ഡ് ചെയ്തു. ലിന്‍ഡ ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Advertisements

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലിന്‍ഡ അനന്തപുരി രുചിക്കൂട്ടായ്മ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ വൈന്‍ വില്‍പ്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. വൈന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാട്ട്സാപ്പ് നമ്ബരില്‍ ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു. ഒരു വര്‍ഷമായി നിര്‍മ്മിച്ചു സൂക്ഷിച്ചതാണെന്നും വീര്യമുള്ളതാണെന്നും ആവശ്യക്കാര്‍ വീട്ടിലെത്തിയാല്‍ നല്‍കാമെന്നും അറിയിച്ചു. ഇതനുസരിച്ച്‌ എത്തിയവരില്‍നിന്ന് ഒരു കുപ്പിക്ക് 350 രൂപ ഈടാക്കി വില്‍ക്കുകയും ചെയ്തു. വൈനില്‍ ആല്‍ക്കഹോള്‍ ഉണ്ടോ എന്ന് കമന്റ് ചെയ്തപ്പോള്‍ ഒരു വര്‍ഷത്തോളം പഴക്കമുള്ളതാണ് എന്നും ഇതില്‍ ആല്‍ക്കഹോള്‍ കലര്‍ത്തിയിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്.

ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാര്‍ സംഭവത്തെ പറ്റി അന്വേഷിക്കുകയും കേസെടുക്കുകയുമായിരുന്നു. ഫെയ്സ് ബുക്കില്‍ നല്‍കിയിരുന്ന വാട്ട്സാപ്പ് നമ്ബരിന്റെ ഡീറ്റെയില്‍സ് സൈബര്‍ സല്ലിന്റെ സഹായത്തോടെ കണ്ടെത്തി. അതില്‍ നിന്നാണ് അഡ്രസ്സ് ശേഖരിച്ചത്. തുടര്‍ന്ന് അതേ ഫോണ്‍ മ്ബരില്‍ ബന്ധപ്പെടുകയും തങ്ങള്‍ക്ക് ഒരു വൈന്‍ ആവശ്യമുണ്ടെന്നും എക്സൈസ് സംഘം ആവശ്യപ്പെട്ടു.

വൈന്‍ വാങ്ങുവാന്‍ വീട്ടിലേക്ക് വരുവാനും വഴിയും പറഞ്ഞു കൊടുത്തു. വീട്ടിലെത്തി ഒരു എക്സൈസ് ഓഫീസര്‍ ആദ്യം ചെന്ന് വൈന്‍ വാങ്ങി. പിന്നീട് എക്സൈസ് സംഘം വീട്ടിനുള്ളിലേക്ക് കടന്ന് പരിശോധന നടത്തുകയും കിടപ്പുമുറിയില്‍ കുപ്പികളില്‍ നിറച്ചു വച്ച വൈന്‍ കണ്ടെത്തുകയുമായിരുന്നു. ഈ സമയം ലിന്‍ഡയുടെ പിതാവ് ഗില്‍ഫ്രഡ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ലിന്‍ഡയും ഉണ്ടാകുമെന്ന് കരുതി എക്സൈസ് സംഘം വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെയും കൂടെകൂട്ടിയിരുന്നു. എന്നാല്‍ വീട്ടില്‍ അവര്‍ ഇല്ലായിരുന്നതിനാല്‍ കസ്റ്റഡിയിലെടുക്കാനായില്ല.

ലിന്‍ഡയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ വൈന്‍ നിര്‍മ്മിച്ചത് ബക്കറ്റിലാണ് എന്നും മറ്റുപകരണങ്ങള്‍ ഇല്ലാ എന്നുമാണ് പറഞ്ഞത്. എന്നാല്‍ എക്സൈസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. വീടും പരിസരവും കൂടുതല്‍ പരിശോദിക്കുമെന്ന് സിഐ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇവര്‍ക്ക് വിദേശ മദ്യ വില്‍പ്പനയുണ്ടായിരുന്നതായും ചില സൂചനകള്‍ ലഭിച്ചിരുന്നതായും എക്സൈസ് സംഘം പറയുന്നു.

വിദേശ മദ്യക്കുപ്പികളുമായി ഫേസ്‌ബുക്കില്‍ ലിന്‍ഡ നില്‍ക്കുന്ന ചിത്രങ്ങളും എക്സൈസ് പരിശോദിച്ചു വരികയാണ്. എക്സൈസ് സംഘം ലിന്‍ഡയുടെ പിതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗ്രൂപ്പിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ലിന്‍ഡയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടും ഡീ അക്ടിവേറ്റ് ചെയ്തു. എന്നാല്‍ ലിന്‍ഡയ്ക്കും പിതാവിനും മാത്രമല്ല ഗ്രൂപ്പ് അഡ്‌മിന്മാര്‍ക്കും ഇത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെയുെ കേസെടുക്കുമെന്നും എക്സൈസ് അറിയിച്ചു.

ജി.എന്‍.പി.സി.ക്കെതിരെ എക്സൈസ് കേസെടുത്തപ്പോള്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയെ ന്യായീകരിച്ച്‌ ചാനല്‍ ചര്‍ച്ചകളില്‍ രംഗത്തെത്തിയത് ലിന്‍ഡയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈന്‍ നിര്‍മ്മിക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്. പള്ളികളില്‍ വൈന്‍ സൂക്ഷിക്കുമ്ബോള്‍ പോലും പ്രത്യേക അനുമതി ആവശ്യമാണ്. എക്സൈസ് നടപടികളെത്തുടര്‍ന്ന് ജി.എന്‍.പി.സി. വഴിയുള്ള വൈന്‍ വിപണന സാധ്യത തടസ്സപ്പെട്ടപ്പോള്‍ ലിന്‍ഡ മറ്റൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു.

‘അനന്തപുരി രുചിക്കൂട്ടായ്മ’ എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ഇതിലാണ് വൈന്‍ വില്പനയുടെ പരസ്യം വന്നത്. ഇത് ലിന്‍ഡ മൊബൈല്‍ ഫോണ്‍ വഴിയാണ് ചെയ്തതെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ എക്സൈസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

Advertisement