പാനൂര്‍: ആറു ദിവസം മുമ്പ് പാനൂരില്‍ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളായ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. കുന്നോത്ത് പറമ്ബിലെ സയന (19) പൊയിലൂരിലെ ദൃശ്യ (19) എന്നിവരെയാണ് കോടതി രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചത്. ഇവര്‍ ഇന്നലെ വൈകുന്നേരം തലശേരി കോടതിയില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ച് പോയി.
പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍ കുട്ടിക്കാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു ഇരുവരും. സയനയുടെ സ്‌കൂട്ടറിലാണ് പാനൂരില്‍ എത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു.
കാണാതായ പെണ്‍കുട്ടികളെ പറ്റി പാനൂര്‍ സി.ഐ.ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിരൂരില്‍ കണ്ടെത്തിയത്. 19ന് വീട് വിട്ടിറങ്ങിയത് മുതല്‍ ഇവര്‍ തിരൂരിലെ മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറി മാറി നില്‍ക്കുകയായിരുന്നു. പിഎസ്. സി പരീക്ഷ എഴുതാന്‍ എത്തിയതാണെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തെതെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച്ച തിരൂരില്‍ നിന്നും താനൂരിലേക്കു പോയ ഇവര്‍ അവിടെ മുറി കിട്ടാത്തതിനെ തുടര്‍ന്നു വീണ്ടും തിരൂരിലേക്കു തിരിച്ചുവരികയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരൂര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയ ഇവര്‍ക്ക് മുറി നല്‍കിയ ഹോട്ടല്‍ ജീവനക്കാര്‍ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇരുവരെയും കണ്ടെത്താന്‍ പൊലീസ് അന്യ സംസ്ഥാനത്തുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് തിരൂരിലെ ലോഡ്ജില്‍ ഇവര്‍ താമസിക്കുന്നതായ വിവരം ലഭിച്ചത്. അഞ്ച് ദിവസത്തോളം ഇവിടെ താമസിച്ചപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ക്ക് സംശയം വന്നതിനെ തുടര്‍ന്ന് വിവരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ പൊലീസ് തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു പാനൂര്‍ പൊലീസിന് കൈമറുകയായിരുന്നു.
ഇന്നലെ വൈകിട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ മജിസട്രേട്ട് അനുവദിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും നാടുവിട്ടതെന്നും ബാഹ്യ പ്രേരണയുണ്ടായില്ലെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞതായി പാനൂര്‍ സിഐ വി.വി ബെന്നി അറിയിച്ചു.