പാചകവാതകവുമയി പോയ മിനിലോറിക്ക് നടുറോഡില്‍ തീപിടിച്ചു; എല്ലാവരും ഓടിരക്ഷപ്പെട്ടപ്പോള്‍ അബ്ദുള്‍ സലാമിന്റെ ധീരത ഒഴിവാക്കിയത് വന്‍ദുരന്തം

19

കളമശേരി: തീപിടിച്ച പാചകവാതക സിലിൻഡർ ലോറിക്ക‌് രക്ഷകനായി അബ്‌ദുൾ സലാം. അപകടം നടന്നപ്പോൾ അതുവഴിവന്ന മറ്റൊരു ലോറിയിലെത്തിയ ഡ്രൈവറായ കളമശേരി എച്ച‌്എംടി കോളനി സ്വദേശി അബ്‌ദുൾ സലാ(24)മിന്റെ സമയോചിത ഇടപെടൽമൂലം വൻദുരന്തം ഒഴിവായി. കളമശേരി പ്രീമിയർ കവലയിൽ ശനിയാഴ്ച രാവിലെ 10.15നായിരുന്നു അപകടം.

Advertisements

സൗത്ത് കളമശേരി ഹിന്ദ് ഗ്യാസ് ഗോഡൗണിൽനിന്ന് 60 പാചകവാതക സിലിൻഡറുമായിപോയ ലോറി പ്രീമിയർ കവലയിൽ മുട്ടം ഭാഗത്തേക്ക് സിഗ്നൽ കാത്തുകിടക്കുമ്പോൾ അടിഭാഗത്ത് ഡീസൽ പൈപ്പിന് തീപിടിക്കുകയായിരുന്നു. ക്യാബിന് അടിയിൽനിന്ന് തീയും പുകയും ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി. ഇതുകണ്ട കടക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ഇറങ്ങിയോടി.

പാതാളത്തേക്ക് ചരക്കുമായിവന്ന അബ്ദുൾസലാം തന്റെ ലോറിയിൽനിന്ന് ഇറങ്ങി സിഗ്നൽ കാത്തുകിടന്ന മറ്റൊരു ടാങ്കർ ലോറിയിലെ അഗ്നിരക്ഷാ ഉപകരണമെടുത്ത് തീയണയ‌്ക്കുകയായിരുന്നു. എറണാകളുത്തേക്കുപോയ രണ്ട‌് ലോറികൾക്ക‌് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. മൂന്നാമത്തെ ലോറിയിൽനിന്നാണ്‌ അഗ്നിരക്ഷാ ഉപകരണം ലഭിച്ചത‌്.

തുടർന്ന‌് തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ ഉപകരണങ്ങളെടുത്ത‌് ഓട്ടോറിക്ഷ–-ചുമട്ട‌ുതൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. ലോറിയിലെ അഗ്നിരക്ഷാ ഉപകരണം പ്രവർത്തനരഹിതമായിരുന്നു. കളമശേരി എസ‌്ഐ എ പ്രസാദിന്റെ നേതൃത്വത്തിൽ റോഡിൽ ഇരുഭാഗത്തും വാഹനഗതാഗതം തടഞ്ഞു.

ഏലൂർ, തൃക്കാക്കര, ഗാന്ധിനഗർ ഫയർസ‌്റ്റേഷനുകളിൽനിന്നും യൂണിറ്റുകൾ എത്തിയപ്പോഴേക്കും തീ പൂർണമായും അണച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സലാമിന്റെ കൈക്ക‌് നിസ്സാര പൊള്ളലേറ്റു.

‌‌അപകടത്തിൽപ്പെട്ട മിനിലോറിയിൽനിന്ന് സിലിൻഡറുകൾ മാറ്റി. തുടർന്ന് മോട്ടോർ വെഹിക്കിൾ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

11.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ ഐടിസിയിൽ സിവിൽ എൻജിനിയറിങ് പഠനത്തിനിടെ അഗ്നിശമന ഉപകരണം കണ്ട പരിചയംവച്ചാണ് താൻ തീയണച്ചതെന്ന‌് അബ്ദുൾ സലാം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ അബ്ദുൾസലാമിനെ വീട്ടിലെത്തി ആദരിച്ചു.

Advertisement