ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റിന് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് പുറത്തായി. 212 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസീലന്‍ഡ് ലക്ഷ്യത്തിലെത്തി.
ബാറ്റിംങ്ങില്‍ മാര്‍ട്ടന്‍ ഗപ്റ്റില്‍ (14), കെയ്ന്‍ വില്യന്‍സണ്‍ (11) എന്നിവര്‍ പുറത്തായെങ്കിലും ഹെന്‍റി നിക്കോള്‍സ് (42 പന്തില്‍ 30), റോസ് ടെയ്‌ലര്‍ (25 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ നിക്കോള്‍സ്-ടെയ്‍ലര്‍ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യ 92 റണ്‍സിന് പുറത്തായി. 37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്‍വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. നായകന്‍ കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ പകരം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങിയത്. കേദര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഓരോ റണ്‍ വീതം നേടി ക്രീസ് വിട്ടു.
200-ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ (23 പന്തില്‍ ഏഴ്), സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (20 പന്തില്‍ 13), അമ്ബാട്ടി റായുഡു (പൂജ്യം), ദിനേഷ് കാര്‍ത്തിക് (പൂജ്യം), അരങ്ങേറ്റ മല്‍സരം കളിക്കുന്ന ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), കേദാര്‍ ജാദവ് (ഒന്ന്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്.