വെറുതെ അങ്ങ് ജയിച്ചതല്ല, തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്: ഇന്ത്യൻ വിജയത്തിനുള്ള അഞ്ച് കാരണങ്ങൾ

18

ലോകകപ്പിൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ടീം മിന്നും വിജയം നേടി.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തി ഇന്ത്യ വിജയിച്ചെങ്കിലും അതൊരു വെറും ജയം മാത്രമായിരുന്നില്ല.

Advertisements

ഒന്നും എളുപ്പമായിരുന്നില്ല, റബാദയും മോറിസും ഫെലക്വേയും എറിഞ്ഞ തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്.

ബാറ്റിംഗിൻറെ പറുദീസയാകുമെന്ന കരുതിയ സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാർ വീഴുന്നത് കണ്ട ഇന്ത്യ അത് ആവർത്തിക്കാതിരിക്കാൻ നന്നായി ശ്രദ്ധിച്ചു.

ലോകകപ്പിൽ ഓപ്പണർ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ആറ് വിക്കറ്റിൻറെ വിജയമാണ് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ 227 റൺസ് മറികടക്കുമ്പോൾ സെഞ്ചുറി വീരൻ രോഹിത്(144 പന്തിൽ 122 റൺസ്) പുറത്താകാതെ നിന്നു.

നേരത്തെ ചാഹലിൻറെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറിൽ 227/9ൽ ഒതുക്കിയത്. ചഹാലിനൊപ്പം രണ്ട് വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും തിളങ്ങി.

ആദ്യ രണ്ട് മത്സരങ്ങൾ തോറ്റെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഫീൽഡിൽ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു.

ഈ അഞ്ച് കാരണങ്ങളാണ് സതാംപ്ടണിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

1. ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത ഡുപ്ലെസിയുടെ തീരുമാനം ഇന്ത്യക്ക് നേട്ടമായി. പേസും ബൗൺസും നിറഞ്ഞ പിച്ചിൽ കഗിസോ റബാദയെ ആദ്യം നേരിടുന്നത് ഒഴിവായിക്കിട്ടി.

2. ജസ്പ്രീത് ബുമ്രയുടെ ആദ്യ സ്‌പെൽ. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ഡികോക്കും അംലയും തുടക്കത്തിലേ മടങ്ങിയതോടെ കൂറ്റൻ സ്‌കോർ ദക്ഷിണാഫ്രിക്കയ്ക്ക് അസാധ്യമായി.

3. 20-ാം ഓവറിൽ ഇരട്ടപ്രഹരമേൽപ്പിച്ച യുസ്വേന്ദ്ര ചഹാൽ. ഇന്ത്യൻ സ്പിന്നറുടെ നാല് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയെ മധ്യ ഓവറുകളിൽ തളച്ചു.

4. രോഹിത് ശർമ്മയുടെ പക്വമായ ഇന്നിംഗ്‌സ്. പിച്ചിൻറെ സ്വഭാവവും മറുവശത്തെ വിക്കറ്റ് വീഴ്ചയും കണക്കിലെടുത്ത് കരുതലോടെ ബാറ്റ് ചെയ്ത രോഹിത് സാഹസത്തിന് മുതിരാതെ മത്സരം ഫിനിഷ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു.

5. ഡെയ്ൽ സ്റ്റെയിൻറെയും എൻഗിഡിയുടെയും അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടതും നിർണായകമായി.

ക്രിസ് മോറിസ് പതിവിലും മെച്ചമായി പന്തെറിഞ്ഞെങ്കിലും കഗിസോ റബാദ അല്ലാതെ ആരെയും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഭയപ്പെടേണ്ട കാര്യമുണ്ടായില്ല.

Advertisement