കൊച്ചി: കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പൊന്നുപോലെയാണ് ഞാന്‍ എന്റെ മകളെ വളര്‍ത്തിയത്. ആ കുഞ്ഞിനെയാണ് ദുഷ്ടന്മാര്‍ കൊന്നുകളഞ്ഞതെന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയ നഴ്‌സ് ആന്‍ലിയയുടെ പിതാവ് ഹൈജിനസ്.
ആന്‍ലിയയെക്കുറിച്ച് പറയുമ്പോള്‍ കണ്ണീരില്‍ തട്ടി പിതാവ് ഹൈജിനസിന്റെ വാക്കുകള്‍ മുറിഞ്ഞു കൊണ്ടേയിരുന്നു. അവളൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍, എല്ലാം കളഞ്ഞ് ഞങ്ങള്‍ ഓടി വരുമായിരുന്നു. നിങ്ങള്‍ക്ക് അറിയാമോ, ഇന്നത്തെ കാലത്ത് ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തുന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന്. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത് വേദനയോടെ ഹൈജിനസ് മകളെക്കുറിച്ച് പറഞ്ഞു തുടങ്ങി.
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആന്‍ലിയയെ കാണാതായത്. 28ന് മൃതദേഹം പെരിയാറില്‍ കണ്ടെത്തി. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈജിനസ് പരാതി നല്‍കിയതോടെയാണ് ആന്‍ലിയ അനുഭവിച്ച പീഡനത്തിന്റെ കഥകള്‍ പുറത്തുവരുന്നത്.
സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഫോര്‍ട്ട്‌കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ വീടിനെ കണ്ണീരുണങ്ങാത്ത ഒന്നായി മാറ്റിയത് ആന്‍ലിയയുടെ വിവാഹമാണ്. നഴ്‌സിങ്ങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ വയസിലാണ് ആന്‍ലിയയെ തൃശൂര്‍ സ്വദേശി ജസ്റ്റിന്‍ കൈപിടിച്ച് കൊടുക്കുന്നത്.
ബെംഗളൂരില്‍ കിട്ടിയ ജോലിയും രാജിവെച്ചാണ് ആന്‍ലിയ ജസ്റ്റിന്റെ ജീവിതപങ്കാളിയാകുന്നത്. മകള്‍ ജസ്റ്റിനൊപ്പം സുരക്ഷിതയായിരിക്കുമെന്ന പ്രതീക്ഷയില്‍ ഹൈജിനസും ഭാര്യയും വിദേശത്തേക്ക് മടങ്ങിപ്പോയി. പക്ഷെ അവരെ കാത്തിരുന്നത് ദാരുണമായ വിധിയായിരുന്നു. അതിനെക്കുറിച്ച് ഹൈജിനസിന്റെ വാക്കുകള്‍ ഇങ്ങനെ:
വിവാഹം കഴിക്കുമ്പോള്‍ ഇരുപത്തിമൂന്ന് വയസായിരുന്നു അവളുടെ പ്രായം. എന്നെ ഇപ്പോഴേ എന്തിനാ പപ്പാ കെട്ടിക്കുന്നതെന്ന് എന്റെ മോള്‍ ചോദിച്ചതാണ്. പപ്പയും മമ്മിയും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ വേണ്ടേടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ സമ്മതിക്കുകയായിരുന്നു. ജസ്റ്റിന്‍ വിദേശത്ത് സീനിയര്‍ അക്കൗണ്ടന്റിന്റെ ജോലിയാണെന്ന് പറഞ്ഞാണ് മകളെ കല്യാണം കഴിക്കുന്നത്. എന്നാല്‍ വിവാഹശേഷമാണ് ജോലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കള്ളം പറഞ്ഞത്.
ജോലി നഷ്ടമായ വിവരമൊന്നും പറഞ്ഞിരുന്നില്ല. നാട്ടില്‍ ബിസിനസ് തുടങ്ങണമെന്ന് പറഞ്ഞ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. കോഴിക്കച്ചവടം തുടങ്ങണമെന്നാണ് പറഞ്ഞത്. നഴ്‌സിങ്ങ് കഴിഞ്ഞ മകളെ ഇതിനല്ല ഞാന്‍ കല്യാണം കഴിച്ച് നല്‍കിയതെന്ന് പറഞ്ഞ് ബിസിനസ് തുടങ്ങുന്നത് വിലക്കാന്‍ നോക്കിയിരുന്നു. പക്ഷെ എന്റെ മകളുടെ ഭാവിയോര്‍ത്ത് ഞാന്‍ അതിനും വഴങ്ങിക്കൊടുത്തു. ചേട്ടനുമായി ചേര്‍ന്നുള്ള കൂട്ടുക്കച്ചവടത്തിന് മാത്രം സമ്മതിച്ചില്ല.
എന്റെ മകള്‍ ഞങ്ങള്‍ക്ക് വിഷമം ആകുമെന്ന് കരുതി യാതൊന്നും പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അവള്‍ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ജസ്റ്റിന്‍ വേഗം വൈലന്റാകുന്ന പ്രകൃതമായിരുന്നു. ദേഷ്യം വന്ന് അവന്‍ ആന്‍ലിയയെ ഉപദ്രവിച്ചിട്ടുണ്ട്. അതെല്ലാം ഞങ്ങളറിയുന്നത് അവളുടെ മരണശേഷം കണ്ടുകിട്ടിയ ഡയറിയില്‍ നിന്നാണ്.
അവള്‍ക്കറിയാമായിരുന്നിരിക്കാം ജസ്റ്റിന്‍ എന്തെങ്കിലും ചെയ്യുമെന്ന്. അതുകൊണ്ട് അവന്‍ കാണാതെ ഷെല്‍ഫില്‍ വെച്ച് പൂട്ടി താക്കോല്‍ ഫ്‌ലവര്‍വെയ്‌സിലാണ് ഇട്ടിരുന്നത്. മകള്‍ക്കുവേണ്ടി ഞാന്‍ വാങ്ങിക്കൊടുത്ത ഫ്‌ലാറ്റിലാണ് ഇരുവരും താമസിച്ചത്. മരണശേഷം വീട് പരിശോധിച്ചപ്പോഴാണ് ഡയറി കിട്ടുന്നത്. അത് വായിച്ച് എന്റെ ചങ്കുപിടഞ്ഞു. ഒരു അപ്പനും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് എന്റെ കുഞ്ഞ് എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ വര്‍ഷങ്ങളായി വിദേശത്തായിരുന്നുവെന്നാണ് ജസ്റ്റിന്‍ ആളുകളോട് പറയുന്നത്. ആന്‍ലിയ അഹങ്കാരിയാണെന്നും തനിഷ്ഠക്കാരിയാണെന്നും അവര്‍ പറഞ്ഞു. ഹോസ്റ്റലില്‍ വളര്‍ന്നതിന്റെ പ്രശ്‌നങ്ങളാണെന്ന് ആരോപിച്ചു.
എന്റെ കുഞ്ഞിനെ ഒറ്റവര്‍ഷം മാത്രമാണ് ഹോസ്റ്റലില്‍ ചേര്‍ത്തത്. 2010ലാണ് ഞാന്‍ വിദേശത്ത് പോകുന്നത്, 2011ല്‍ അവളുടെ മമ്മിയും ഒപ്പം വന്നു. അതിന് മുമ്പ് വരെ അവളെ കൊളേജില്‍ കൊണ്ടുപോകുന്നതും വിളിച്ചുകൊണ്ടുവരുന്നതുമൊക്കെ ഞാനായിരുന്നു. ഒരു അപ്പനും മകളെ ഇത്രയേറെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. എന്റെ മോളും അതുപോലെ ഞങ്ങളെ സ്‌നേഹിച്ചു.
അതുകൊണ്ടാണ് അവള്‍ ഞങ്ങളെ ഒന്നും അറിയിക്കാതെ എല്ലാം സഹിച്ചത്. അവളുടെ മരണശേഷം ഭാര്യ രോഗിയായി. സന്തോഷം മാത്രമുണ്ടായിരുന്ന വീട്ടില്‍ സങ്കടം മാത്രമായി. മകളോ പോയി ഇനി അവളുടെ കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്ക് വേണം. അതിന് വേണ്ടിയുള്ള നിയമപോരാട്ടത്തിനാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്- ഹൈജിനസ് വേദനയോടെ പറഞ്ഞു.