ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ മല്‍സരത്തില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ് ലിയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
കോഹ് ലിയുടെ ക്യാപ്റ്റന്‍സി പരാജയം ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന സംശയം ആരാധകര്‍ക്കുണ്ട്.
കോഹ്‌ലിയെ നായക സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെ ലോകകപ്പിനായി ഇന്ത്യ മറ്റൊരു നായകനെ തേടണം എന്ന ആവശ്യവും ഉയരുകയാണ്.
ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ കോലിക്ക് പകരം നായകനാക്കണമെന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ആവശ്യം. ഐപിഎല്ലില്‍ രോഹിതിന് കീഴില്‍ മുംബൈയ്ക്ക് അഞ്ചില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കാനായി.
ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയായിരുന്നു കലാശപ്പോരില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
എന്നാല്‍ ഏഷ്യാ കപ്പിന് ശേഷം കോഹ്‌ലിക്ക് കീഴില്‍ വിദേശത്തുള്‍പ്പെടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു.
അതേ സമയം കോഹ്‌ലിയെ പിന്തുണച്ച് ആകാശ് ചോപ്രയെ പോലുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കോഹ്‌ലി മോശം നായകനാണെങ്കില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് ചോപ്ര ചോദിച്ചു.
തന്റെ കാഴ്ചപ്പാടില്‍ കോഹ്‌ലി മോശം നായകനല്ല. കോഹ്‌ലിയുടെ കാര്യത്തില്‍ തനിക്ക് ആശങ്കകളില്ല. കോഹ്‌ലിയെ ആര്‍സിബി നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് താന്‍ പറയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.