കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷിമൊഴി. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്റ്റിയറിങ് സീറ്റില്‍ നിന്നാണ് ബാലഭാസ്കറെ പുറത്തെടുത്തതെന്നാണ് സമീപവാസികളും നല്കിയ മൊഴി. നേരത്തെ വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞത്.
ബാലഭാസ്കറിന്റെ അച്ഛന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധ സംഘം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവകാര്‍ പരിശോധിച്ചു.
അന്വേഷണ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫോറന്‍സിക് മെഡിസിന് സംഘം തലവനും ബാലഭാസ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും അടങ്ങിയ നാലംഗ സംഘം വാഹനം പരിശോധിച്ചത്.
പരിശോധനയില്‍നിന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ ഇരുന്നിരുന്ന സ്ഥാനം ഉള്‍പ്പെടെ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബാലഭാസ്കറിന്റെ അച്ഛന് നല്കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ വിളിച്ചുവരുത്തും. ആശുപത്രിയുമായി ബാലഭാസ്കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛന് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അപകടമുണ്ടായപ്പോള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചിലരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. അപകടമുണ്ടായ അതേസമയത്ത് ഇതുവഴി വാഹനത്തില്‍ കടന്നുപോയവരാണിവര്‍. മറ്റുജില്ലക്കാരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്.
എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടതും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. ഇവരില്‍ ഒരാള്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാലയെ ആശുപത്രിയില്‍ എത്തിച്ച സംഘത്തിലുണ്ടായിരുന്നുമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.