നെയ്യാറ്റിന്‍കര: അച്ഛന്‍ കൊണ്ടു വരാമെന്ന് ഉറപ്പു നല്‍കിയ കിന്റര്‍ ജോയി പ്രതീഷിച്ച് ആന്‍ബിനും അലനും തിങ്കളാഴ്ച രാത്രി 11 വരെ ഉറക്കമിളച്ചിരുന്നു. പിന്നെ എപ്പോഴോ കടന്നുവന്ന ഉറക്കത്തിലേക്ക് അവര്‍ വഴുതിവീഴുമ്പോള്‍ അവരുടെ എല്ലാമെല്ലാമായ അച്ഛന്‍ ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലായിരുന്നു.
രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ വീട്ടിലും പരിസരത്തും നിറയേ ആളുകള്‍. അമ്മയും അമ്മായിയുമൊക്കെ നിലവിളിക്കുന്നു. ഒന്നും മനസിലാകാത്ത കുരുന്നുകള്‍ അപ്പോഴും തിരഞ്ഞത് അച്ഛനെയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ കാറിടിച്ചു മരിച്ച സനലിന്റെ മക്കളായ ആന്‍ബിനും അലനും ഇന്നലെ അച്ഛനെ അന്വേഷിച്ച് നടന്ന കാഴ്ച എല്ലാവരുടെയും കണ്ണുകളെ ഈറന്‍ അണിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് കൊടങ്ങാവിളയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്പി ഹരികുമാറിന്റെ കാറിന് മുന്‍പിലായതിനാല്‍ കാറെടുത്തു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഡിവൈ.എസ്പി നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് എസ്.ഐ സന്തോഷ്‌കുമാറിനോട് ഉടന്‍ കൊടങ്ങാവിളയിലേക്ക് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സനലുമായി ഡി.വൈ.എസ്പി വാക്‌പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഈ സമയം അവിടെ എത്തിയ നെയ്യാറ്റിന്‍കര എസ്‌ഐ സന്തോഷ്‌കുമാര്‍ സനലിനെ കയറ്റിയ ആംബുലന്‍സുമായി നേരെ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ആല്‍ബിനും അലനും അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു.
സനലിന്റ വേര്‍പാടോടെ, അമ്മയും, ഭാര്യയും, അഞ്ചുവയസില്‍ താഴെയുള്ള രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രതിസന്ധിയിലായത്. ആല്‍ബിന്‍, അലന്‍ എന്നിങ്ങനെ രണ്ടുകുട്ടികളാണ് സനലിന്. അച്ഛന്‍ മരിച്ച വിവരം കുട്ടികളെ അറിയിച്ചിരുന്നില്ല.
ഇന്നലെ വൈകിട്ട് ചേതനയറ്റ് സനലിന്റെ ശരീരം വീട്ടിലെത്തിയപ്പോഴും ഇനി തങ്ങള്‍ക്ക് അച്ഛനില്ലെന്ന സത്യം ആ കുരുന്നുകള്‍ക്ക് മനസിലായിട്ടില്ല. എന്തെങ്കിലും തെറ്റുചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്താല്‍ പോരെ.. ഇങ്ങനെ ചെയ്യണമായിരുന്നുവോ..ഒരു ജീവന് വിലയില്ലേ? രണ്ടുപൊടിക്കുഞ്ഞുങ്ങള്‍ എന്തുചെയ്യും? സനലിന്റെ സഹോദരി സജിതയുടെ അലമുറയിട്ടുള്ള ചോദ്യത്തിനു മറുപടി പറയാനാകാതെ എല്ലാവരും വിതുമ്പി.
സാമ്പത്തിക ബാധ്യതകളുള്ള കുടുംബത്തിന് സനല്‍ ഏക ആശ്രയമായിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടുമെന്ന ഉറപ്പുകൂടി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു സുഹൃത്തുക്കളുടെ നിലപാട്. ഇതിന്റെ ഭാഗമായാണ് ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയത്.