നടി ദിവ്യ സ്പന്ദനക്ക് ഏഷ്യാനെറ്റും സുവർണ്ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

26

ബംഗളൂരു: കോൺഗ്രസ്സ് നേതാവും കന്നഡ സിനിമയിലെ പ്രമുഖ നടിയുമായ ദിവ്യ സ്പന്ദനക്ക് ഏഷ്യാനെറ്റും സുവർണ്ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

ദിവ്യ നൽകിയ മാനനഷ്ട കേസിൽ ബംഗളുരു അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisements

2013ലെ ഐ പി എൽ മത്സരങ്ങളിൽ നടന്ന വാതുവയ്പ്പിൽ ദിവ്യ സ്പന്ദനക്ക് ബന്ധമുണ്ടെന്ന തരത്തിൽ വാർത്ത സംപ്രേക്ഷണം ചെയ്തതിനാണ് കോടതി നടപടി.

ഈ വാർത്ത തനിക്ക് മനനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഉടമസ്ഥയിലുള്ള കന്നഡ ന്യൂസ് ചാനലാണ് സുവർണ്ണ.

സ്‌പോട്ട് ഫിക്‌സിങ്, മാച്ച് ഫിക്‌സിങ് തുടങ്ങിയ വിവാദങ്ങളിൽ ദിവ്യ സ്പന്ദനയുടെ പേര് പരാമർശിക്കുന്ന ഒരു വാർത്തയും നൽകരുതെന്നും ജഡ്ജി പാട്ടീൽ നാഗലിംഗന ഗൗഡ ഉത്തരവിൽ വ്യക്തമാക്കിയതായി പ്രമുഖ കോടതി വാർത്ത പോർട്ടലായ ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

2013 മെയ് മാസത്തിലാണ് ചാനൽ ഇത് സംബന്ധിച്ച വാർത്ത നൽകിയത്. വർത്തയോടൊപ്പം ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്ന ദിവ്യയുടെ ചിത്രവും നൽകിയിരുന്നു.

ഇത് തനിക്ക് മാനനഷ്ടം ഉണ്ടാക്കിയതായി കാണിച്ചാണ് അവർ കോടതിയെ സമീപിച്ചത്. മാച്ച് ഫിക്സിംഗുമായി ഒരു വിധത്തിലും ദിവ്യക്ക് ബന്ധമില്ലെന്ന് കോടതി കണ്ടെത്തി.

ഇത് സംബന്ധിച്ച കേസിൽ ഒരിടത്തും ദിവ്യയുടെ പേര് പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.

Advertisement