ആലപ്പുഴ: വാടയ്ക്കൽ പീറ്ററിന്റെ വീട്ടിൽ തിരുവോണ നാളിൽ ആലപ്പുഴ കലക്ടറുടെ സർപ്രൈസ് വിസിറ്റ്. തിരുവോണത്തിന്റെ അന്നാണ് പീറ്ററിനെ തേടി അപ്രതീക്ഷിത അതിഥിയെത്തിയത്. ഓണത്തിന്റെ ആഘോഷാരവങ്ങൾ ഏതുമില്ലാത്ത ആ കുടിലിലേക്കെത്തിയ അതിഥിയെ കണ്ടമാത്രയിൽ മത്സ്യത്തൊഴിലാളിയായ പീറ്ററും കുടുംബവും തെല്ലൊന്നമ്പരന്നു. ജില്ലാ കലക്ടർ സുഹാസാണ് കൺമുന്നിൽ.
പീറ്ററിന്റെയും കുടുംബത്തിന്റെയും സ്നേഹ പരിലാളനങ്ങൾ ഏറ്റുവാങ്ങി ഓണനാളിൽ അവിടേക്കെത്താൻ കലക്ടർ സുഹാസെത്തിയതിന് കാരണവുമുണ്ടായിരുന്നു. പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കൈമെയ് മറന്ന് ഓടിയെത്തിയവരിൽ മുൻപന്തിയിൽ പീറ്ററും മകൻ സിൽവർ സ്റ്റാറും ഉൾപ്പടെ അഞ്ചു പേരുണ്ടായിരുന്നു. ആ കരുതലിനുള്ള നന്ദിപ്രകടനം കൂടിയായിരുന്നു ആ ‘സർപ്രൈസ് വിസിറ്റ്.’
പീറ്ററിന്റെ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കുന്ന ചിത്രം കലക്ടര്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം സൈബർ ലോകമറിഞ്ഞത്. ഓഗസ്റ്റ് പതിനാറാം തിയതി രാവിലെ പീറ്റർ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവർത്തകരും ചേർന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിക്കുകയായിരുന്നു.
ദൗത്യത്തിൽ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കലക്ടർ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കലക്ടറെ കാണാൻ എത്തിയിരുന്നു.
കലക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ:
തിരുവോണനാളിൽ രക്ഷകരിൽ ഒരാളുടെ വീട്ടിൽ ഓണമുണ്ണാൻ ജില്ല കളക്ടറെത്തി
ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ടത് ദുരന്തത്തിൽ രക്ഷകനാകാൻ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിൽ. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്റെ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരാണ് രക്ഷാപ്രവർത്തനത്തിന് പോയത്.സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരാണ് മറ്റുള്ളവർ .ഓഗസ്റ്റ് 16ാം തിയതി രാവിലെ പീറ്റർ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവർത്തകരും ചേർന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തിൽ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടർ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാൻ എത്തിയിരുന്നു. പായസമുൾപ്പടെയായിരുന്നു സദ്യ.