കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും അതിനു പിന്നാലെ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും താരസംഘടനയായ അമ്മയ്ക്കുള്ളില്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല. വിവാദങ്ങള്‍ കടുത്തതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തിയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് അമ്മയിലെ നേതൃനിരമാറി മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനത്തിലേയ്ക്ക് വന്നപ്പോള്‍ ദിലീപിന് സംഘടനയിലേയ്ക്ക് വീണ്ടും തിരിച്ചു വരാന്‍ ഒരു ചാന്‍സ് ലഭിച്ചിരുന്നു. ഇതിനെ അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചതുമായിരുന്നു. എന്നാല്‍ വനിത സംഘടനയായ ഡബ്ല്യൂസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് അമ്മയിലേയ്ക്കുള്ള ദിലീപിന്റെ മടങ്ങി വരവ് സാധ്യമായില്ല.
പിന്നീട് മലയാള ചലച്ചിത്ര ലോകത്ത് ഒരു സിനിമ കഥയെ വെല്ലുന്ന കാര്യങ്ങളാണ് കണ്ടത്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായി ആരോപിച്ച് ഡബ്യൂസിസി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ദിലീപിന്റെ രാജി അമ്മ പുറത്തു വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാജിയെ കുറിച്ചുളള ദിലീപിന്റെ പ്രതികരണം വീണ്ടും പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അതിനു പിന്നാലെ ഇപ്പോള്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുകയാണ്. മേഹാന്‍ലാലിനെ തരംതാഴ്ത്താനാണ് ദീലീപ് ശ്രമിക്കുന്നതെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ദിലീപ് രാജി കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ട് അമ്മയേയും സംഘടനയുടെ അധ്യക്ഷന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയേയും അപമാനിക്കുകയായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മോഹന്‍ലാല്‍ ഒരിക്കല്‍ പോലും ദിലീപിനെ പുറത്താക്കിയെന്ന് വാര്‍ത്ത സമ്മേളനത്തിലോ പത്രക്കുറിപ്പിലോ പറഞ്ഞിട്ടില്ല. ദിലീപില്‍ നിന്ന് രാജി ആവശ്യപ്പെട്ടു എന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം മോഹന്‍ലാല്‍ ഒരിക്കല്‍ പോലും ഒരു സഹപ്രവര്‍ത്തകന്റെ കാര്യത്തിലും അങ്ങനെയൊരു കഥ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരസംഘടനകളില്‍ നിന്ന് ഇതുവരെ പുറത്താക്കിയത് നടന്‍ തിലകനേയും സംവിധായകന്‍ വിനയനേയും മാത്രമാണ്. ദിലപിനോട് രാജി ആവവശ്യപ്പെടുക മാത്രമാണ് ഉണ്ടായിരിക്കുന്നത്. അത് സാസ്‌കാരിക മന്ത്രി എകെ ബാലന്റെ നിര്‍ദ്ദേശപ്രകരമാണ്. സംഘടനയ്ക്ക് മേല്‍ സമ്മര്‍ദ്ദം വരുമ്പോള്‍ രാജിവെയ്ക്കുക എന്നത് സ്വാഭാവികം മാത്രമാണ്. അല്ലാതെ അത് പുറത്താക്കലല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ദിലീപ് രാജികത്ത് പുറത്തു വിടേണ്ട കാര്യമില്ല. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ മാത്രമേ രാജി തള്ളണോ സ്വീകരിക്കണോ എന്നുളള കാര്യത്തില്‍ തീരുമാനമാകുകയുളളൂ. ദിലീപ് കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ്. തുടക്കം മുതലെ സമൂഹമാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പലവഴികളും പ്രയോഗിക്കുന്നുണ്ട്. കേസില്‍പ്പെട്ടതിനു ശേഷം സിനിമയില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയായിരുന്നു. അത് തിരിച്ച് പിടിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ദിലീപിന്റെ രാജി കത്തില്‍ പറയുന്നത്, അമ്മയുടെ നന്മയ്ക്ക്് വേണ്ടിയാണ് രാജിവെച്ചതെന്നാണ്. സംഘടനയുടെ നന്മയാണ് ഉദ്ദേശമെങ്കില്‍ അമ്മയെ കുറ്റപ്പെടുത്തിയാണോ രാജിക്കത്ത് എഴുതേണ്ടത്. അതില്‍ അമ്മയെന്ന സംഘടനയേയും മോഹന്‍ലാല്‍ എന്ന വ്യക്തിയേയും മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. താന്‍ ഇല്ലാതെ ഒരു സംഘടനയും ഉണ്ടാവരുതെന്ന ദുഷ്ചിന്തയാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. അമ്മ സംഘടനയെ തകര്‍ക്കാന്‍ വേണ്ടിയാണ് ദിലീപ് ഇത്തരത്തില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് മോഹന്‍ലാലിനെതിരേയും ആന്റണി പെരുമ്പാവൂരിനെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. അന്ന് അവര്‍ ബിസിനസ്സ് പരമായി അത്ര യോജിച്ചു പോയിരുന്ന സമയമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജികത്തില്‍ ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചാണ് ഞാന്‍ രാജിക്കത്ത് തയ്യാറാക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേ വാചകത്തില്‍ തന്നെ സംഘടനയില്‍ നിന്ന് തന്നെയാരും പുറത്താക്കിയിട്ടില്ലയെന്നും പറയുന്നുണ്ട്. അമ്മ എന്ന സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യത്തില്‍ ഗതികേടില്‍ അയാളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് ഈ ഫേസ്ബുക്ക് പോസ്റ്റും രാജിക്കത്തുമെന്നും ലിബര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു.