തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ മര്‍ദ്ദിച്ച സംഭവത്തിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സംഭവ ശേഷം എഡിജിപിയുടെ മകള്‍ ആശുപത്രിയിലേക്ക് പോയ ഓട്ടോയുടെ ഡ്രൈവറെയാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാണാതായത്.
പൊലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന കേസാണ് സ്‌നിഗ്ദ്ധയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ വകുപ്പു ചുമത്തിയാല്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പരമാവധി നാല് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ സ്ത്രീകളുടെ അറസ്റ്റ് നിര്‍ബന്ധമില്ലെന്ന് നിയമമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. മര്‍ദ്ദനമുണ്ടായ കനകക്കുന്നില്‍ സിസിടിവി ഇല്ല. സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനുശേഷം സ്‌നിഗ്ദ്ധയ്‌ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
അതേസമയം, ഗവാസ്‌കര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമല്ലെന്ന് വരുത്താനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. ഗവാസ്‌കറുമായുള്ള തര്‍ക്കത്തിനുശേഷം സുധേഷ്‌കുമാറിന്റെ മകളും ഭാര്യയും കയറിയ ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളെ നാടകീയമായി കാണാതായത്.