തിരുവനന്തപുരം: ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 17ന് ഹാജരാക്കാനാണ് സബ് ജഡ്ജി റ്റി.ജി.വര്‍ഗ്ഗീസിന്റെ ഉത്തരവ്.
അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച് രണ്ടാം പ്രതി സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ ചങ്ങനാശ്ശേരിയില്‍ പണികഴിപ്പിച്ച പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസില്‍ അന്തിമ വിധി വരുന്നത് വരെ കോടതി ജപ്തി ചെയ്തു.വാദികളായ ഡോക്ടര്‍ ദമ്ബതികളുടെയും പ്രവാസിയുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്ബനിയുടെ നടത്തിപ്പുകാരായ ഡോ.ആര്‍.ബി.നായരെന്ന ബിജു രാധാകൃഷ്ണന്‍ , സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29,60,000 രൂപയാണ് തട്ടിച്ചെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ കൈപ്പറ്റിയാണ് സോളാര്‍ തട്ടിപ്പിനിരയാക്കിയത്.
കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബില്‍ നിരക്കില്‍ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാര്‍ പാനലും വിന്‍ഡ്മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്.
പരസ്യത്തില്‍ ആകൃഷ്ടരായ ഡോക്ടര്‍ ദമ്ബതികള്‍ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്ബരില്‍ വിളിച്ചു. കൂടിക്കാഴ്ചക്ക് മുന്‍ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികള്‍ ഡോക്ടറുടെ വസതിയിലെത്തി.പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഡോക്ടറെ പ്രേരിപ്പിച്ച് ഡോക്ടറുടെ വസതിയില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്നും വിശ്വസിപ്പിച്ച് 29,60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.
താന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഊര്‍ജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു അവകാശപ്പെട്ടതായും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താന്‍ നടത്തിയ അന്വേഷണത്തില്‍ ബിജു രാധാകൃഷ്ണന്‍ ഓഫീസ് പൂട്ടി മുങ്ങിയതായും മാസങ്ങളോളം ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയിട്ടില്ലായെന്നും വെളിപ്പെട്ടതായും ഡോക്ടര്‍ മൊഴി നല്‍കി.
വിദേശത്ത് നിന്നും മടങ്ങി വന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേര്‍ന്ന് സമീപിക്കുകയായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി 1,04,60,000 രൂപയാണ് വഞ്ചിച്ചെടുത്തത്.ഇതില്‍ ഭൂരിഭാഗം തുകയും ശാലുവിനാണ് ബിജു നല്‍കിയത്.ശാലുവിന് 25 ലക്ഷം രൂപയ്ക്ക് സ്ഥലം വിലയ്ക്ക് വാങ്ങി അതില്‍ പടുകൂറ്റന്‍ ബംഗ്ലാവ് പണി കഴിപ്പിച്ച് നല്‍കി.
സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നല്‍കിയതായി അന്വേഷണത്തില്‍ വെളിപ്പെട്ടതായി കാണിച്ച് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബിജുവിന്റെ സാന്നിദ്ധ്യത്തില്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ വച്ച് താന്‍ 20 ലക്ഷം രൂപ നേരിട്ട് ശാലുവിന് നല്‍കിയതായി റാസിഖ് അലി മൊഴി നല്‍കി.
4,75,000 രൂപ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആയി മുടക്കി ശാലുവിന് ബിജു ഒരു ആഡംബര കാര്‍ വാങ്ങി നല്‍കി. ശാലുവിന്റെ വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ ശാലുവിന് നല്‍കണമെന്നാവശ്യപ്പെട്ട് റാസിഖ് അലിക്ക് ബിജു മെസ്സേജ് അയച്ചതായി കണ്ടെത്തിയതായും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സ്വര്‍ണ്ണാഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും ശാലുവിന് ബിജു വാങ്ങി നല്‍കി. വിവാഹിതരാകാന്‍ ഇരുവരും പരസ്പരം സമ്മതിച്ച് തീരുമാനിച്ചുറച്ചതായി വെളിപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.